ഖത്തറിലെ ലുലുവിൽ ‘ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റിവൽ’; ഇറ്റാലിയൻ രുചിവൈവിധ്യങ്ങള് ഇനി ആസ്വദിക്കാം
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ രുചിവൈവിധ്യങ്ങളുമായി ‘ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റിവലിന്’ തുടക്കം. ഇറ്റാലിയൻ ട്രേഡ് ഏജൻസി (ഐ.ടി.എ)യുമായി സഹകരിച്ചാണ് ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 21 വരെ നീണ്ടു നിൽക്കുന്ന മേളക്ക് തുടക്കം കുറിച്ചത്.
ലുലു പേൾ ഖത്തർ ബ്രാഞ്ചിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗലോ തോഷി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ഇറ്റാലിയൻ ട്രേഡ് കമീഷണർ പൗലോ ലിസി എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
ഇറ്റാലിയൻ രുചിവൈവിധ്യങ്ങളും വിപുലമായ ഉൽപന്നങ്ങളും ഖത്തറിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതാണ് ഏറെ ശ്രദ്ധേയമായ ‘ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റിവൽ’. ഖത്തറിലെ വിപണിയിൽ ഇറ്റാലിയൻ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത പ്രശംസാവഹമാണെന്ന് അംബാഡർ പൗലോ തോഷി പറഞ്ഞു. ‘ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെ ഇറ്റാലിയൻ ഉൽപന്നങ്ങൾ ഖത്തർ വിപണിയിൽ മികച്ച സ്വീകാര്യതയാണുള്ളത്. ഉയർന്ന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇറ്റാലിയൻ ഉൽപന്നങ്ങളുടെ പ്രീമിയം ഗുണനിലവാരത്തെക്കുറിച്ച് ഇവിടെയുള്ള ആളുകൾക്ക് നന്നായി അറിയാം. ഇറ്റാലിയൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ ലഭ്യമാക്കി വിപണിയിലെത്തിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് ഞങ്ങളുടെ സവിശേഷമായ പങ്കാളികളാണ്. ഈ പങ്കാളിത്തം കൂടുതൽ ശക്തമാവും’ -അദ്ദേഹം പറഞ്ഞു.
ഖത്തറും ഇറ്റലിയും തമ്മിലെ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതാണ് ഫെസ്റ്റിവലെന്ന് ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായുള്ള സഹകരണത്തിലൂടെ കൂടുതൽ ഉൽപന്നങ്ങൾ ഖത്തരി വിപണിയിലെത്തിക്കുകയാണ്.
ഖത്തറിലേക്കുള്ള ഇറ്റാലിയൻ ഭക്ഷ്യ ഇറക്കുമതി 40 ശതമാനം വർധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ന്യായമായ വിലയിൽ ഉയർന്ന ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ നിർമിക്കുകയും, മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നത് ഇറ്റലിയുടെ സവിശേഷതാണ് -അദ്ദേഹം പറഞ്ഞു.
ഡ്രൈ ഗ്രോസറി, കാൻ ഫുഡുകൾ, ഫ്രഷ് ഫുഡ്, ചീസ് തുടങ്ങി പരമ്പരാഗത ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാണ്. മിലാനിലെ ലുലു ഗ്രൂപ് കയറ്റുമതി കേന്ദ്രം വഴി, പ്രധാന ഉറവിടങ്ങളിൽ നിന്നും നേരിട്ട് ശേഖരിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റുകളിലെത്തിക്കുന്നത്. ഉൽപന്നങ്ങൾക്ക് വിപണി എന്നതിനൊപ്പം ഇരു രാജ്യങ്ങൾക്കുമിടയിലെ സാസ്കാരിക, സാമ്പത്തിക കൈമാറ്റത്തിലും മേള നിർണായകമാണ്. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ദോഹ കിങ്സ് കോളജിൽ നിന്നുള്ള സംഘത്തിന്റെ സംഗീത പരിപാടിയും അരങ്ങേറി.
Comments (0)