സൗദിയിലേക്ക് കൂടുതൽ സർവിസുമായി ഖത്തർ എയർവേസ്
ദോഹ: അയൽരാജ്യമായ സൗദിയിലേക്ക് കൂടുതൽ വിമാന സർവിസ് പ്രഖ്യാപിച്ച് ഖത്തർ ദേശീയ എയർലൈൻസായ ഖത്തർ എയർവേസ്. അടുത്ത വർഷം ജനുവരി രണ്ട് മുതൽ സൗദിയിലെ അബഹയിലേക്കും സർവിസ് നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ഇടവേളക്കു ശേഷമാണ് അസീർ റീജ്യൻ തലസ്ഥാനവും, തെക്കു പടിഞ്ഞാറൻ നഗരവുമായ അബഹയിലേക്ക് സർവിസ് ആരംഭിക്കുന്നത്. ദോഹ-അബഹ റൂട്ടിൽ ആഴ്ചയിൽ രണ്ട് വിമാന സർവിസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു പുറമെ, സൗദിയുടെ സ്വപ്ന നഗരിയായി ഉയരുന്ന നിയോമിലേക്കുള്ള സവിസുകളുടെ എണ്ണം ആഴ്ചയിൽ രണ്ടിൽ നിന്നും നാലായി ഉയർത്തും. ശൈത്യകാലം കണക്കിലെടുത്താണ് കൂടുതൽ സർവിസുകൾ ആരംഭിക്കുന്നത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട അബഹയിലേക്ക് സർവിസ് ആരംഭിക്കുന്നതോടെ ദോഹയിൽ നിന്നും സൗദിയിലേക്കുള്ള 11ാമത് ലക്ഷ്യസ്ഥാനമായി ഈ നഗരം മാറും. നിലവിൽ അൽ ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, ഖാസിം, റിയാദ്, തബൂക്ക്, തായിഫ്, യാൻബൂ എന്നീ നഗരങ്ങളിലേക്കായി ആഴ്ചയിൽ 140ലധികം വിമാനങ്ങളാണ് സൗദി-ഖത്തർ സെക്ടറിൽ സർവിസ് നടത്തുന്നത്. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 170ലധികം നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവിസ് നടത്തുന്നത്.
വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8.35ന് ദോഹയിൽനിന്നും പുറപ്പെട്ട് 11.15ന് അബഹയിലെത്തും. തിരികെ 12.15ന് പുറപ്പെട്ട് 2.45ന് ദോഹയിലുമെത്തുന്ന വിധത്തിലാണ് സർവിസ്. അബഹയിലേക്കുള്ള സർവിസ് പുനരാരംഭിക്കുന്നതിലും നിയോമിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുന്നതിലും ഏറെ അഭിമാനമുണ്ടെന്നും, സൗദി അറേബ്യയിലേക്കുള്ള ഖത്തർ എയർവേസിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനമെന്നും ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നിയോമിലേക്ക് നിലവിൽ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസ്. ഇതിനു പുറമെ ചൊവ്വ, ഞായർ ദിവസങ്ങളിലും ഖത്തർ എയർവേസ് പറക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)