ഹമദ് വിമാനത്താവളത്തിന് നേട്ടങ്ങളുടെ കാലം; യാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധന
ദോഹ: ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധന. മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിമാനങ്ങളുടെ നീക്കത്തിലും 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഗോ നീക്കത്തിൽ 12 ശതമാനം വർധനയും ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ 19 ശതമാനവും വർധനയും വിമാനത്താവള അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.
2024ന്റെ ആദ്യ പകുതിയിൽ ഇതുവരെയായി 25.9 ദശലക്ഷം യാത്രക്കാരെയാണ് ഹമദ് വിമാനത്താവളം സ്വാഗതം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധനയാണിത്. കൂടാതെ പോയന്റ്-ടു-പോയന്റ് യാത്രക്കാരുടെ എണ്ണത്തിലും 22.1 ശതമാനം വർധന രേഖപ്പെടുത്തി. ദോഹയിലേക്കും പുറത്തേക്കും നേരിട്ട് പറക്കുന്ന യാത്രക്കാരെയാണ് പോയന്റ് ടു പോയന്റ് എന്ന് സൂചിപ്പിക്കുന്നത്. ഇത് വിമാനത്താവളത്തിൽനിന്ന് പ്രവർത്തിക്കുന്ന എയർലൈൻ പങ്കാളികളുടെ എണ്ണത്തിലും ഖത്തറിലെ വളർന്നുവരുന്ന ടൂറിസം മേഖലയിലും ഗണ്യമായ വളർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ജപ്പാൻ എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ചൈന സതേൺ എയർലൈൻസ്, ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എന്നിവയുൾപ്പെടെ പുതിയ എയർലൈൻ പങ്കാളികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം അതിന്റെ ശൃംഖല വിപുലീകരിച്ചത്. ഐബീരിയ, സിയാമെൻ എയർലൈൻസ്, വിസ്താര എന്നിവ കഴിഞ്ഞ വർഷാവസാനം വിമാനത്താവളത്തിൽനിന്നും സർവിസ് ആരംഭിച്ചിരുന്നു. ഈ വിപുലീകരണം കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ യാത്ര ഓപ്ഷനുകൾ നൽകുന്നതിനും സഹായകമാകും. കൂടാതെ ഖത്തറും ആഗോള സമൂഹവും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ ദൃഢമാക്കുന്നതിലും ടൂറിസം, വ്യാപാരബന്ധങ്ങൾ എന്നിവ ശക്തമാക്കുന്നതിലും വലിയ പങ്കുവഹിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)