ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിക്ക് 25 ദശലക്ഷം ഡോളർ സംഭാവനയുമായി ഖത്തർ
ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) 25 ദശലക്ഷം ഡോളർ സംഭാവന നൽകാൻ ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) മുഖേനയാണ് യു.എൻ അഭയാർഥി ഏജൻസിക്ക് ഭീമൻ തുക നൽകുന്നത്.
ഫലസ്തീൻ അഭയാർഥികൾക്കും റിലീഫ് ഏജൻസിയുടെ മനുഷ്യ വികസനത്തിനും മേഖലയിലെ മാനുഷിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്നും സമൂഹമാധ്യമങ്ങളിലൂടെ ക്യു.എഫ്.എഫ്.ഡി വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സംരക്ഷണം എന്നിവയുൾപ്പെടെയുള്ള പ്രവർത്തന മേഖലകളിൽ ഫലസ്തീൻ അഭയാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനോടൊപ്പം ഭീകരമായ ആക്രമണങ്ങൾ നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ യു.എൻ. റിലീഫ് ആൻഡ് വർക്സ് ഏജൻസി നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇരുകക്ഷികളും തമ്മിൽ കരാർ ഒപ്പുവെച്ചതിന് ശേഷം ക്യു.എഫ്.എഫ്.ഡി ആക്ടിങ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ അഹ്മദ് അൽ അസീരി പറഞ്ഞു.
ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയും അഭയാർഥികളും നേരിടുന്ന മാനുഷിക സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതിലുമുള്ള ഖത്തറിന്റെ പിന്തുണയെ അടിവരയിടുന്നതാണ് യു.എൻ ഏജൻസിക്കുള്ള ക്യു.എഫ്.എഫ്.ഡിയുടെ 25 ദശലക്ഷം ഡോളർ സംഭാവന.
ഫലസ്തീൻ അഭയാർഥികളെ ദീർഘകാലമായി ഖത്തർ പിന്തുണക്കുകയാണെന്നും മേഖലയിലുടനീളം യു.എൻ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ പ്രധാന പങ്കാളിയും ഉപദേഷ്ടാവുമാണ് ഖത്തറെന്നും എക്സ്റ്റേണൽ റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ തമാറ അൽ രിഫാഈ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)