പാരിസിന് ഖത്തറിന്റെ സുരക്ഷാകവചം
ദോഹ: ഖത്തറിൽനിന്ന് പാരിസിലെത്തുന്നവർക്ക് ഇപ്പോൾ അഭിമാനം പകരുന്നൊരു കാഴ്ചയുണ്ട്. ലോകം സംഗമിക്കുന്ന വിശ്വകായിക മാമാങ്കവേദിയിൽ ഫ്രഞ്ച് പൊലീസിനും സൈന്യത്തിനുമൊപ്പം സുരക്ഷാ ചുമതലയുമായി ഓടിനടക്കുന്ന ഖത്തറിന്റെ സ്വന്തം സുരക്ഷാ സേനാംഗങ്ങൾ.
വിമാനത്താവളത്തിൽനിന്ന് തുടങ്ങി സ്റ്റേഡിയങ്ങളിൽ, സ്റ്റേഡിയം പരിസരങ്ങളിൽ, റെയിൽവേ സ്റ്റേഷൻ, ഒളിമ്പിക് വില്ലേജ് തുടങ്ങി ആരാധകരും കായികതാരങ്ങളും വി.വി.ഐ.പികളുമെല്ലാം എത്തുന്ന എല്ലായിടങ്ങളിലും പഴുതടച്ച സുരക്ഷയൊരുക്കാൻ സജീവമാണ് ഖത്തർ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘ലഖ്വിയ’ സംഘം.
2022 ലോകകപ്പ് ഫുട്ബാളിലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ കായികമാമാങ്കമാക്കി സംഘടിപ്പിച്ചതിന്റെ അനുഭവസമ്പത്ത് ഫ്രഞ്ച് സുരക്ഷാ വിഭാഗവുമായി പങ്കുവെക്കുകയാണ് ഖത്തർ സേനാംഗങ്ങൾ. രണ്ടാഴ്ച മുമ്പ് തന്നെ ലഖ്വിയ ടീം പാരിസിലെത്തിയിരുന്നു. മാസങ്ങളായി നടന്ന തയാറെടുപ്പും പരിശീലനങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ സംഘം പാരിസിലെത്തിയത്.
ഒളിമ്പിക് നഗരിയിലെ ഖത്തറിന്റെ സുരക്ഷാ സേനാംഗങ്ങൾ ഹൈജംപ് താരം മുഅതസ് ബർഷിമിനൊപ്പം
ഇവിടെ ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥരുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയാണ് സേന വിന്യാസവും ദൗത്യവും നിർവഹിക്കുന്നത്. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ലഭിച്ച 2000 സുരക്ഷ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)