ഖത്തറിലെ തൊഴിലിട സുരക്ഷ; ഡെലിവറി ജോലിക്കാർക്ക് ബോധവത്കരണവുമായി മന്ത്രാലയം
ദോഹ: തൊഴിലിടങ്ങളിലെ അപകടങ്ങൾ തടയാനും സുരക്ഷ ഉറപ്പാക്കാനും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് ഡെലിവറി ജോലിക്കാർക്കായി തൊഴിൽ മന്ത്രാലയം ശിൽപശാല നടത്തി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഖത്തർ റെഡ്ക്രസന്റിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡെലിവറി കമ്പനികളിലെ ബൈക്ക് ഡ്രൈവർമാർക്ക് റോഡ് സുരക്ഷ മാർഗനിർദേശങ്ങൾ നൽകിയതിനൊപ്പം തൊഴിൽ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
ഉൾഭാഗങ്ങളിൽ ഉൾപ്പെടെ ഏത് റോഡുകളിലും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി. ഡ്രൈവർമാർക്ക് സംശയങ്ങൾ ചോദിക്കാനും അവസരമൊരുക്കിയിരുന്നു. സൂര്യാതപം, താമസസ്ഥലത്തും തൊഴിലിടത്തും സംഭവിക്കുന്ന അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഥമശുശ്രൂഷ നടപടികൾ പരിശീലിപ്പിച്ചു. ‘സുരക്ഷിത തൊഴിൽ അന്തരീക്ഷത്തിലേക്ക്’ പ്രമേയത്തിൽ തൊഴിൽ മന്ത്രാലയം നടത്തുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായിരുന്നു പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)