36 മണിക്കൂറത്തെ കാത്തിരിപ്പ്, 40 കോളുകൾ, എന്നിട്ടും ലഗേജ് കിട്ടിയില്ല: എയർ ഇന്ത്യക്കെതിരെ പരാതിയുമായി യുവതി
വിമാനക്കമ്പനികളുടെ അനാസ്ഥ മൂലമുള്ള പല തരം പരാതികൾ ഉയർന്നുവരാറുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ഗവേഷക വിദ്യാർത്ഥിയുടെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയായ പൂജ കാതൈലാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ യുഎസ് ഇന്ത്യ വിമാനത്തിൽ ലഗേജ് കയറ്റാൻ എയർ ഇന്ത്യ എയർലൈൻ ജീവനക്കാർ മറന്നുപോയെന്നാണ് പൂജ പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയിലാണ് ബാഗ് നഷ്ടമായത്. 36 മണിക്കൂർ നേരം കാത്തിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് എയർലൈൻ കസ്റ്റമർ കെയറിലേക്ക് നാൽപതോളം തവണ വിളിച്ചെന്നും എന്നിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും യുവതി പോസ്റ്റിൽ പറഞ്ഞു. എയർ ഇന്ത്യയെ ടാഗ് ചെയ്തിട്ട പോസ്റ്റിനോട് 26,000 -ലധികം ആളുകൾ പ്രതികരിച്ചു. പലരും തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ പങ്കുവച്ചു. മറ്റുചിലരാകട്ടെ എയർ ഇന്ത്യയിലുള്ള യാത്ര ആലോചിച്ച് മാത്രമേയെടുക്കൂവെന്നും അഭിപ്രായപ്പെട്ടു. യുവതി എട്ട് മണിക്കാണ് എക്സിൽ പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ കമ്പനി കാലതാമസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും എയർപോർട്ട് / ബാഗേജ് ടീമുമായി പരിശോധിച്ച് ഉടൻ തന്നെ മറുപടി നൽകാമെന്നും ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ പത്ത് മണിയായിട്ടും എയർ ഇന്ത്യ അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് യുവതി എക്സിൽ പോസ്റ്റ് ചെയ്തു. അതിന് മറുപടിയായി തങ്ങൾക്ക് അൽപ്പസമയം കൂടി അനുവദിക്കൂ എന്നായിരുന്നു കമ്പനിയുടെ പ്രതികരണം. അതിന് ശേഷം വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കമെന്താണെന്ന് വ്യക്തമല്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകളുണ്ടായിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)