ഖത്തറിന്റെ വ്യാപാര മിച്ചം 1700 കോടി റിയാൽ കവിഞ്ഞു
ദോഹ: മേയ് മാസത്തെ കണക്ക് പുറത്തുവന്നപ്പോൾ ഖത്തറിന്റെ വ്യാപാര മിച്ചം 1760 കോടി റിയാൽ കവിഞ്ഞു. രാജ്യത്തിന്റെ ആകെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാര മിച്ചമായി കണക്കാക്കുന്നത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ 0.9 ശതമാനത്തിന്റെ വർധനവും കഴിഞ്ഞ വർഷം മേയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 3.5 ശതമാനത്തിന്റെ കുറവും റിപ്പോർട്ട് ചെയ്തു. ദേശീയ ആസൂത്രണ കൗൺസിൽ പുറത്തുവിട്ട കണക്കനുസരിച്ച് മേയിൽ മൊത്തം കയറ്റുമതി ചെയ്ത ഉൽപന്നങ്ങളുടെ മൂല്യം 2810 കോടി റിയാലും ഇറക്കുമതി മൂല്യം 1050 കോടി റിയാലുമാണ്.
വാർഷിക കണക്കിൽ കയറ്റുമതി ഒരു ശതമാനവും ഇറക്കുമതി 9.6 ശതമാനവും വർധിച്ചു. പെട്രോളിയം ഗ്യാസ്, മറ്റു ഗ്യാസ് ഹൈഡ്രോ കാര്‍ബണ്‍ ഉല്പന്നങ്ങളാണ് പ്രധാന കയറ്റുമതി. ഖത്തർ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് ചൈനയിലേക്കാണ്. ആകെ മൂല്യത്തിന്റെ 16.9 ശതമാനം വരുമിത്. രണ്ടാമത് ദക്ഷിണ കൊറിയയും (13 ശതമാനം), മൂന്നാമത് ഇന്ത്യയുമാണ് (11.1 ശതമാനം). ഇറക്കുമതിയിലും മുന്നിൽ ചൈന തന്നെ. 160 കോടി റിയാലിന്റെ ഇറക്കുമതി ചൈനയിൽനിന്ന് നടത്തി (15 ശതമാനം). രണ്ടാമത് യു.എസും (12.6 ശതമാനം) മൂന്നാമത് ജപ്പാനുമാണ് (ഏഴ് ശതമാനം). ഇറക്കുമതി ഉൽപന്നങ്ങളില് മോട്ടോര്‍ കാറുകളും മറ്റ് യാത്രാവാഹനങ്ങളുമാണ് ഒന്നാംസ്ഥാനത്ത്. ഹെലികോപ്ടറുകളുടെയും വിമാനങ്ങളുടെയും ഭാഗങ്ങൾ രണ്ടാം സ്ഥാനത്തും ഇലക്ട്രിക്കല്‍ അപ്പാരറ്റസ്, ടെലിഫോൺ, ടെലിഫോണ്‍ സെറ്റുകളുടെ ഘടകങ്ങള്‍ എന്നിവ മൂന്നാം സ്ഥാനത്തുമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)