ദോഹ കോർണിഷിലെ കൂറ്റൻ ശിൽപം ഒഴിവാക്കുന്നതായി ഖത്തർ മ്യൂസിയം
ദോഹ: ലോകകപ്പ് ആരവങ്ങളിലെ പ്രധാന കൗതുകക്കാഴ്ചകളിലൊന്നായ ദോഹ കോർണിഷിലെ കൂറ്റൻ ശിൽപം (ദുഗോങ്) നാടുനീങ്ങാനൊരുങ്ങുന്നു. 24 മീറ്റർ ഉയരവും 32 മീറ്റർ നീളവുമുള്ള ശിൽപം കോർണിഷിൽനിന്ന് ഒഴിവാക്കുന്നതായി ഖത്തർ മ്യൂസിയം പ്രഖ്യാപിച്ചു. അമേരിക്കൻ കലാകാരനായ ജെഫ് കൂൺസ് രൂപകൽപന ചെയ്ത കൂറ്റൻ ശിൽപം ഒന്നര വർഷമായി ദോഹയിലെ മസ്റ പാർക്കിൽ കൺകുളിർമയുള്ള കാഴ്ചയായിരുന്നു. കടലിൽ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് കടൽപ്പശു (ഡുഗോങ്). 7500 വർഷങ്ങൾക്കുമുമ്പ് അറേബ്യൻ ഗൾഫിലെ കടലിലാണ് ദുഗോങ്ങുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തീരദേശ മലിനീകരണവും കടൽ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും കാരണം ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഖത്തറിന്റെ ഉപദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളിൽ വസിച്ചിരുന്ന പുരാതന സമുദ്ര സസ്തനിയുടെ മാതൃകയിൽ നിർമിച്ച ശിൽപം മികച്ച കാഴ്ചാനുഭവം പകരുന്നതിനൊപ്പം ഖത്തറി സംസ്കാരവും അന്താരാഷ്ട്ര കലാരംഗവും തമ്മിലുള്ള സമന്വയം സാധ്യമാക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു സ്ഥാപിച്ചത്. ലോകത്ത് ഇവയുടെ രണ്ടാമത്തെ വലിയ കൂട്ടം ഖത്തറിന്റെ സമുദ്ര പരിധിയിലാണ്. ഗൾഫ് രാജ്യങ്ങളിലെ ജലാശയങ്ങളിൽ ഏകദേശം 600-700 ദുഗോങ്ങുകൾ ഉള്ളതായാണ് റിപ്പോർട്ട്. എണ്ണം കുറഞ്ഞുവരുന്ന ജീവികളുടെ മാതൃക കലാരൂപത്തിലൂടെ അവതരിപ്പിക്കുമ്പോൾ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഓർമിക്കപ്പെടുന്നത്. ജെഫ് കൂൺസ്, ലെബനൻ ആർട്ടിസ്റ്റ് സിമോൺ ഫത്തൽ, യായോയ് കുസാമ, ഷൗഖ് അൽ മന, ഷുവാ അലി തുടങ്ങിയ അന്തർദേശീയ, പ്രാദേശിക കലാകാരന്മാരുടെ 40ലധികം ഇൻസ്റ്റലേഷനുകളാണ് ലോകകപ്പ് ആരവത്തിനൊപ്പം ദോഹയിലെ സൂഖ് വാഖിഫ് മുതൽ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. രാജ്യത്തെ കാലാവസ്ഥ പ്രത്യേകത കൊണ്ടും കാലപ്പഴക്കം കൊണ്ടും ദുഗോങ്ങിന് ഗരിമ നഷ്ടപ്പെട്ടിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)