Posted By user Posted On

എല്ലാ മാസവും നീക്കി വയ്ക്കുന്ന ചെറിയ തുക യുഎഇയില്‍ ഇന്ത്യക്കാരന്‍ സമ്മാനിച്ചത് വമ്പന്‍ തുകയുടെ സമ്മാനം, ഈ ടിപ്സ് ഒന്ന് അറിഞ്ഞാലോ?

അബുദാബി: എല്ലാ മാസവും നീക്കി വെക്കുന്ന ചെറിയ തുക യുഎഇയില്‍ ഇന്ത്യക്കാരന്‍ സമ്മാനിച്ചത് വമ്പന്‍ തുകയുടെ സമ്മാനം. നാഷണൽ ബോണ്ട്സ് മില്യണയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആന്ധ്രപ്രദേശ് ഗൊല്ലപള്ളി സ്വദേശിയും യുഎഇയിൽ ഇലക്ട്രീഷ്യനുമായ 46 വയസ്സുള്ള നാഗേന്ദ്രം ബോരുഗഡ്ഢ. ഈ കഴിഞ്ഞ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്. 

ഓരോ ദിർഹവും കൂട്ടിവച്ച്, കഠിനാധ്വാനത്തിലൂടെയാണ് നാഗേന്ദ്രം വിജയം സ്വന്തമാക്കിയത്. 2017ല്‍ യുഎഇയിലേക്ക് വിമാനം കയറുമ്പോള്‍ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത ആയിരുന്നു നാഗേന്ദ്രത്തിന്‍റെ മനസ്സിലുണ്ടായിരുന്നത്. 18 വയസ്സുള്ള മകളും 14 വയസ്സുള്ള മകനും ഉള്‍പ്പെടുന്നതാണ് നാഗേന്ദ്രത്തിന്‍റെ കുടുംബം. 2019 മുതല്‍ നാഷണല്‍ ബോണ്ട്സിനായി 100 ദിര്‍ഹം വീതം എല്ലാ മാസവും നാഗേന്ദ്രം മാറ്റിവെക്കുമായിരുന്നു. മാസം തോറും ഡയറക്റ്റ് ഡെബിറ്റായി 100 ദിർഹം മാറ്റിവെക്കുന്നതായിരുന്നു ശീലം.  വളരെ ലളിതമായ ഈ സമ്പാദ്യ രീതിയാണ് ഇദ്ദേഹത്തിന് വിജയം നേടിക്കൊടുത്തത്. 

ഒരു നല്ല ജീവിതത്തിനായി കഷ്ടപ്പാടുകള്‍ സഹിച്ചും ജോലി ചെയ്യുന്ന യുഎഇയിലെ നിരവധി പ്രവാസികള്‍ക്ക് പ്രചേദനമാണ് നാഗേന്ദ്രം. ചെറിയ സമ്പാദ്യത്തില്‍ നിന്ന് തുടങ്ങി സ്ഥിരമായ ഒരു സമ്പാദ്യ ശീലം ഉണ്ടാക്കുന്നതിന്‍റെ പ്രാധാന്യവും നാഗേന്ദ്രം തെളിയിച്ചിരിക്കുകയാണ്. 

നാഗേന്ദ്രത്തിന്റെ വിജയം യുഎഇയിൽ എത്തുന്ന പ്രവാസികൾക്ക് ഒരു നല്ല പാഠമാണ്. ചെറുതെങ്കിലും സ്ഥിരമായ നിക്ഷേപങ്ങൾ സേവിങ്സ് ബോണ്ടിലൂടെ നടത്തുന്നത് ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ എളുപ്പമാക്കുമെന്നതാണ് ആ പാഠം. 

ഇത്ര വലിയ വിജയം വിശ്വസിക്കാൻ തന്നെ പറ്റുന്നില്ലെന്നാണ് നാഗേന്ദ്രം പറയുന്നത്. ‘എന്റെ കുടുംബത്തിന് ഒരു നല്ല ജീവിതം ഉണ്ടാകാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും വേണ്ടിയാണ് ഞാൻ യുഎഇയിൽ എത്തിയത്. ഈ വിജയം അവിശ്വസനീയമാണ്. നാഷണൽ ബോണ്ട്സിലൂടെ അവരുടെ ഭാവി ഭദ്രമാക്കാനും വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കാനും എനിക്ക് കഴിഞ്ഞു- നാഗേന്ദ്രം പറഞ്ഞു. നാഗേന്ദ്രത്തിന് പുറമെ എമിറേറ്റ്സിൽ നിന്നുള്ള അബ്ദുള്ള അലിയും ഈ വർഷം ഏപ്രിൽ ഒരു മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *