ഖത്തര് അവധി കഴിഞ്ഞ് വീണ്ടും തിരക്കിലേക്ക്
ദോഹ: ഒമ്പത് ദിവസത്തെ പെരുന്നാൾ അവധിക്ക് സ്വദേശികളും വലിയൊരു വിഭാഗം പ്രവാസികളും ഞായറാഴ്ച മുതൽ വീണ്ടും ജോലിത്തിരക്കിലേക്ക്. പൊലീസ്, ആരോഗ്യ മന്ത്രാലയം ഉൾപ്പെടെ അടിയന്തര സേവന വിഭാഗങ്ങൾ ഒഴികെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്ക് അഞ്ച് ദിവസമായിരുന്നു പെരുന്നാൾ അവധി. ഇതിനു മുമ്പും ശേഷവും രണ്ട് വാരാന്ത്യ അവധികൾ കൂടിയായതോടെയാണ് ഒമ്പത് ദിവസം അടുപ്പിച്ച് അവധി ലഭിച്ചത്.
സ്വകാര്യ മേഖലയിൽ 16, 17, 18 തീയതികളിലായിരുന്നു പെരുന്നാൾ അവധി. വാരാന്ത്യ അവധി കൂടി ചേർത്ത് അവർക്ക് അഞ്ച് ദിവസം ഒഴിവ് ലഭിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും നീണ്ട അവധി ലഭിച്ചത് വ്യാപാര മേഖലയെ ബാധിച്ചിരുന്നു. ഇനി വിപണി കൂടുതൽ സജീവമാകും.
രാവിലെ ഏഴുമുതൽ എട്ടുവരെയും വൈകീട്ട് ഓഫിസ് സമയം കഴിഞ്ഞുള്ള നേരത്തും റോഡിൽ തിരക്ക് അനുഭവപ്പെടും. വെസ്റ്റ് ബേയിലെ ഉൾപ്പെടെ തൊഴിലാളികൾ പോയി വരുന്നതിനാൽ മെട്രോ സജീവമാകും. ഓൺലൈനായി ചെയ്യാൻ കഴിയാത്ത സർക്കാർ സേവനങ്ങൾക്ക് ദീർഘ അവധി ചെറിയ പ്രയാസം ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കപ്പെടുന്നത് ആശ്വാസമാണ്. അതേസമയം, അടുത്ത ദിവസങ്ങളിൽ സർക്കാർ ഓഫിസുകളിൽ നല്ല തിരക്ക് അനുഭവപ്പെടും.
അവധി ഉപയോഗിച്ച് ധാരാളം പ്രവാസികൾ നാട്ടിൽ പോയിരുന്നു. നിരവധി സ്വദേശികൾ വിദേശ സഞ്ചാരവും നടത്തി. ഇത് വിമാനത്താവളത്തിൽ തിരക്കിന് കാരണമായി. നാട്ടിൽ പോയവരും അവധി ആഘോഷിക്കാൻ മറ്റു രാജ്യങ്ങളിൽ പോയവരും ശനിയാഴ്ച തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ എത്തുന്നവരും ഉണ്ട്. വിമാനത്താവളത്തിലെ തിരക്ക് ഞായറാഴ്ച രാവിലെയോടെ കുറയും. നീണ്ട അവധിയുണ്ടായിട്ടും ഉയർന്ന വിമാന നിരക്ക് കാരണം നാട്ടിൽ പോവാൻ കഴിയാത്തവരും നിരവധിയായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)