ഖത്തര്‍- ബഹ്റൈന്‍ പാലം ചര്‍ച്ചകള്‍ വീണ്ടും സജീവം; യാത്രാ സമയം അഞ്ചില്‍ നിന്ന് അര മണിക്കൂറായി കുറയും
ദോഹ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്ക്കുന്ന രാജ്യങ്ങളാണെങ്കിലും ഖത്തറിന് ബഹ്റൈനിലേക്ക് നേരിട്ട് കര അതിര്‍ത്തി ഇല്ല. അതുകൊണ്ടു തന്നെ ഖത്തറില്‍ നിന്ന് ഒരാള്‍ക്ക് ബഹ്റൈനിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഖത്തര്‍ അതിര്‍ത്തിയായ അബൂസംറ ക്രോസിംഗ് വഴി റോഡ് മാര്‍ഗം ആദ്യം സൗദി അറേബ്യയിലേക്ക് പ്രവേശിക്കണം. അതിനുശേഷം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ്വേയിലൂടെ വേണം ബഹ്റൈനില്‍ എത്തിച്ചേരാന്‍. ഇതിന് ഏകദേശം അഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും.
എന്നാല്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ 34 കിലോമീറ്റര്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് വെറും 30 മിനുട്ടായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും. അതോടൊപ്പം ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും നിക്ഷേപകരുടെ താല്പര്യവും വലിയ തോതില്‍ വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവഴി ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ മൊത്തത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ഇത് ഉപകരിക്കും.
2006ലായിരുന്നു ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യമായി നടന്നത്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണ ധാരണയും ഉണ്ടാക്കിയിരുന്നു. 2008ല്‍ പാലം നിര്‍മാണം വേഗത്തിലും സുഗമമായും നടപ്പിലാക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ബഹ്റൈന്‍- ഖത്തര്‍ ബ്രിഡ്ജ് ഫൗണ്ടേഷന് രൂപം നല്‍കുകയും ചെയ്തിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)