എസ്എംഎ രോഗ ബാധിതയായ മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഇന്ത്യൻ സമൂഹം കൈകോർക്കണമെന്ന് ഖത്തർ ചാരിറ്റി
ദോഹ: എസ്എംഎ രോഗ ബാധിതയായ മൽഖ റൂഹിയെ ജീവിത്തിലേക്ക് തിരികെയെത്തിക്കാൻ ഇന്ത്യൻ സമൂഹം കൈകോർക്കണമെന്ന് ഖത്തർ ചാരിറ്റി.ചികിത്സ ഖത്തറിലെ സിദ്ര ആശുപത്രിയിൽ സൗജന്യമാണെങ്കിലും എസ്.എം.എയ്ക്കുള്ള ഇഞ്ചക്ഷന് 26 കോടിയോളം ഇന്ത്യൻ രൂപ ചെലവ് വരും. രണ്ടാഴ്ച മുമ്പ് ഖത്തർ ചാരിറ്റി വഴി ധനസമാഹരണം തുടങ്ങിയെങ്കിലും ചെറിയ തുക മാത്രമാണ് ഇതുവരെ ലഭിച്ചത്. ഖത്തർ ചാരിറ്റി വഴിയുള്ള ധനശേഖരണം വേഗത്തിലാക്കാൻ ഇന്നലെ ദോഹയിൽ ചേർന്ന ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു
പാലക്കാട് മേപറമ്പ് സ്വദേശിയായ രിസാലിന്റെയും നിഹാലയുടെയും മകളാണ് ജനിതക രോഗമായ എസ്.എം.എ ടൈപ്പ് വൺ സ്ഥിരീകരിച്ച മൽഖ റൂഹി. മൽഖയുടെ ചികിത്സയ്ക്കുള്ള ഇഞ്ചക്ഷന് 1.16 കോടി റിയാൽ (26 കോടി രൂപ) വേണം. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്ഥിതി സങ്കീർണമാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ധനസമാഹരണം വേഗത്തിലാക്കാൻ ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും നാൽപതോളം സംഘടനാനേതാക്കളും ദോഹയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. വരും ദിവസങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ഫണ്ട് ഡ്രൈവ് ഊർജിതമാക്കുകയാണ് ലക്ഷ്യം.
Comments (0)