Posted By Editor Editor Posted On

നോവായി കുസാറ്റ് ക്യാംപസ്; പൊതുദർശനം അവസാനിച്ചു, കൂട്ടുകാർക്ക് യാത്രമൊഴിയേകി സഹപാഠികൾ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ ക്യാംപസിലെ പൊതുദർശനം അവസാനിച്ചു. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്. സാറയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരിക്കും സംസ്കാരം. ആൻ റുഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം പറവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും.

ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *