
അഴുകിയ മൃതദേഹം കറുത്ത തുണികൊണ്ട് മൂടിയ നിലയിൽ, കാമുകിയെ പ്രവാസി തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വിചാരണ ആരംഭിച്ചു
യുഎഇയിൽ കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ കേസിൽ വിചാരണ ആരംഭിച്ചു. 38കാരനായ ഘാനയിൽ നിന്നുള്ളയാളാണ് നൈജീരിയക്കാരിയായ കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2024 ജൂലൈയിൽ ദുബൈയിലുള്ള ഒരു റസിഡൻഷ്യൽ ബിൽഡിങ്ങിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്
കെട്ടിടത്തിൽ അധികൃതർ അഗ്നിശമന ഉപകരണങ്ങൾ പരിശേധിക്കുന്നതിനിടെയാണ് ഒരു മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കരുതിയത് ഭക്ഷണം അഴുകിയതിന്റെ ദുർഗന്ധം ആയിരിക്കുമെന്നാണ്. എന്നാൽ, ഫ്ലാറ്റിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കറുത്ത തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ടായിരുന്നു. ഉടൻ തന്നെ പോലീസ് ഓപറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പട്രോളിങ് ഉദ്യോഗസ്ഥർ, സിഐഡി അന്വേഷണ സംഘം, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ദുബൈ പോലീസ് പ്രതിയെ കണ്ടെത്തി
പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം പ്രതി ഭാര്യയും മറ്റ് സുഹൃത്തുക്കളോടുമൊപ്പം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാവരും ആഫ്രിക്കൻ വംശജർ ആയിരുന്നു. കുറ്റകൃത്യം നടത്തുന്നതിന് 2 ദിവസം മുൻപ് ഭാര്യയോടും കൂടെ താമസിക്കുന്നവരോടും ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വാടക കരാറിന്റെ കാലാവധി കഴിഞ്ഞെന്നും ഉടമസ്ഥന് കരാർ പുതുക്കി നൽകാൻ താൽപര്യമില്ലെന്നും പറഞ്ഞാണ് സുഹൃത്തുക്കളെയും ഭാര്യയെയും പ്രതി ഫ്ലാറ്റിൽ നിന്ന് മാറ്റിയത്. ഭാര്യയോടും സുഹൃത്തുക്കളോടൊപ്പം നിന്നാൽ മതിയെന്ന് പറയുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് എല്ലാവരും ഒഴിഞ്ഞപ്പോൾ പ്രതി തന്റെ കാമുകിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും മദ്യപിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. കാമുകി കൂടുതൽ മദ്യം ആവശ്യപ്പെടുകയും തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞതിനെ തുർന്ന് ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തർക്കം അക്രമാസക്തമാവുകയും സ്ത്രീ ഇയാളെ കൊല്ലാൻ ശ്രമിച്ചതായും പ്രതി പറഞ്ഞു. പ്രാണരക്ഷാർത്ഥമാണ് അവിടെയുണ്ടായിരുന്ന കല്ലെടുത്ത് സ്ത്രീയുടെ തലക്കെടിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ അപ്പോൾ തന്നെ മരിച്ചു. തുടർന്ന് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക്കും കറുത്ത തുണിയും കൊണ്ട് മൂടി ഫ്ലാറ്റിൽ തന്നെ ഉപേക്ഷിച്ചു. ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)