Posted By user Posted On

‘ഒരു നിമിഷം വൈകിയിരുന്നെങ്കിൽ, വലിയ ദുരന്തമായേനെ‘; അജ്മാനിൽ കുഞ്ഞിനെ രക്ഷിച്ച് പ്രവാസി യുവതി; മാതാപിതാക്കൾക്കെതിരെ നടപടി

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു പക്ഷേ ആ കുരുന്നു ജീവൻ അപകടത്തിലായേനെ. മാതാപിതാക്കളുടെ ശ്രദ്ധയകന്ന നിമിഷം കസേരയിൽ വലിഞ്ഞു കയറി ബാൽക്കണിയിൽ അപകടകരമാംവിധം നിന്ന രണ്ടു വയസുകാരനെ രക്ഷിച്ചത് എതിർവശത്തെ കെട്ടിടത്തിൽ താമസിക്കുന്ന പ്രവാസി യുവതി. തക്ക സമയത്തെ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച യുവതിയെ പിന്നീട് അജ്മാൻ പൊലീസ് ആദരിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അജ്മാനിലായിരുന്നു സംഭവം. എതിർവശത്തെ കെട്ടിടത്തിലെ ഫ്ലാറ്റിന്റെ ബാൽക്കണിയുടെ അരികിൽ കുട്ടി നിൽക്കുന്നത് അറബ് യുവതി തന്റെ ജനാലയിലൂടെ കാണുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ തിരക്കിലാണെന്നും മനസ്സിലാക്കി. തുടർന്ന് കുട്ടി ഒരു കസേരയിൽ കയറിയിരുന്നു. ഇനിയെന്തും സംഭവിക്കാമെന്നായപ്പോൾ യുവതി ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. റിപ്പോർട്ട് ലഭിച്ചയുടനെ പൊലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചു, കുട്ടിയെ രക്ഷിക്കുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ അശ്രദ്ധമായാണ് പരിപാലിച്ചത് എന്ന് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. 2016 ലെ ഫെഡറൽ നിയമം നമ്പർ 3 പ്രകാരം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. അജ്മാൻ പൊലീസ് ജനറൽ കമാൻഡിലെ പൊലീസ് ഓപറേഷൻസ് ഡയറക്‌ടർ ജനറൽ കമാൻഡർ അബ്‌ദുല്ല സെയ്ഫ് അൽ മത്രൂഷി യുവതിയുടെ സുരക്ഷാ ബോധത്തെയും പെട്ടെന്നുള്ള പ്രതികരണത്തെയും പ്രശംസിച്ചു. വീടുകളിൽ, പ്രത്യേകിച്ച് തുറക്കാവുന്ന ജനാലകളുള്ള ഉയർന്ന കെട്ടിടങ്ങളിലെ അപ്പാർട്ടുമെന്റുകളിൽ കുട്ടികളുടെ സുരക്ഷയും വീഴാനുള്ള സാധ്യതയിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു. കുട്ടികൾ വലിയ ഉത്തരവാദിത്തമാണെന്നും അവരുടെ പരിചരണം അവഗണിക്കുകയോ ശ്രദ്ധിക്കാതെ വിടുകയോ ചെയ്യുന്നത് യുഎഇയിൽ നിയമനടപടി നേരിടേണ്ടിവരും എന്നതിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *