52 ദിനം, 10 രാജ്യം: യുഎഇയിൽ നിന്ന് കേരളത്തിലേക്ക് സാഹസിക യാത്രയുമായി ഒൻപതംഗ സംഘം
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് റോഡ് മാർഗം യാത്രയ്ക്കൊരുങ്ങുകയാണ് 9 കൂട്ടുകാർ. ഏപ്രിൽ 20 ന് അബുദാബി മുറൂർ പാർക്കിൽ ഒത്തുകൂടി, ദുബായിലെ അൽ ഖൂസിലെ കഫേ റൈഡർ കസ്റ്റത്തിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇറാനും ചൈനയും ഉൾപ്പെടെ 10 രാജ്യങ്ങളിലൂടെ കടന്നുപോയി 52-ാം ദിവസം കേരളത്തിലെത്തി യാത്ര അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ്, കൂട്ടായി, സെറ്റായി യാത്രയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയിലാണ് ആദ്യമായി ഇത്തരത്തിലൊരു ആശയം പങ്കുവയ്ക്കുന്നത്. യാത്രയോട് താൽപര്യമുള്ളവർ മുന്നോട്ടുവന്നപ്പോൾ ചർച്ചകളായി. ആദ്യം രണ്ട് വാഹനങ്ങളിൽ രണ്ട് പേർ എന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തത്. കൂടുതൽ പേർ താൽപര്യത്തോടെ മുന്നോട്ടുവന്നപ്പോൾ മൂന്ന് ഫോർവീലറിലും ഒരു ബൈക്കിലുമായി 9 പേർ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 52 വയസ്സുള്ള സുധീർ ഒരുമനയൂരാണ് ടീമിന്റെ ക്യാപ്റ്റനെങ്കിൽ 30 വയസ്സുള്ള റഹീസാണ് ടീമിലെ പ്രായം കുറഞ്ഞ അംഗം. റഹീസും സഹോദരനായ റമീസും യാത്രയോടുള്ള ഇഷ്ടം കൊണ്ട് കൂടെ കൂടിയവരാണ്. ഇവരാണ് ബൈക്കിൽ യാത്ര ചെയ്യുന്നത്. അബ്ദുൾ നിസാർ നരിപ്പാറ്റകുന്നേൽ, മഹ്ഫൂസ് ബാപ്പാനകത്ത്, വസീം മുഹമ്മദ്, അനസ് തൈവളപ്പിൽ സിദ്ദീഖ്, സുനീർ പുളളത്തുൽപറമ്പിൽ, മുജീബ് തെനിസേർകണ്ടി എന്നിവരാണ് മറ്റ് അംഗങ്ങൾ.
യുഎഇയിൽ നിന്ന് ഇറാൻ കടന്ന് ചൈന വഴി നേപ്പാളിലേക്ക്
ദുബായിൽ നിന്ന് ഷാർജ ഖാലിദ് പോർട്ടിലേക്കാണ് യാത്ര. അവിടെ നിന്ന് ഇറാനിലേക്ക്. 9 ദിവസം ഇറാനിലെ കാഴ്ചകൾ കാണും. പിന്നീട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, വീണ്ടും കസാഖിസ്ഥാൻ വഴി ചൈനയിലെത്തും. 20 ദിവസം ചൈനയിലെ കാഴ്ചകൾ കണ്ട് നേപ്പാളിലെത്തുന്ന സംഘം അവിടെ നിന്ന് ഉത്തർപ്രദേശിലെത്താനാണ് പദ്ധതി. യുപിയിലെത്തിയതിന് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 52 ദിവസം യാത്ര ചെയ്ത് ജൂൺ 20ന് കേരളത്തിലെത്തുന്ന രീതിയിലാണ് യാത്രാപദ്ധതി.
യാത്രയ്ക്കൊരുങ്ങുമ്പോൾ നിയമവശങ്ങളിങ്ങനെ
ഒൻപത് പേരിൽ 4 പേർ ബിസിനസ്സുകാരാണ്. ബാക്കിയുള്ള മൂന്ന് പേരും ജോലിയിൽ നിന്ന് അവധിയെടുത്താണ് യാത്രയ്ക്ക് കൈകൊടുത്തത്. ഒരാൾക്ക് 25000 ദിർഹം മുതൽ 30,000 ദിർഹം വരെയാണ് ചെലവ് കണക്കാക്കുന്നത്. സുഹൃദ് സംഘം മൊത്തമായാണ് ചെലവുകളെടുക്കുന്നത്. അവിടെ കണക്കുകളില്ല. മാത്രമല്ല, യുഎഇയിൽ നിന്ന് വാഹനവുമായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുമ്പോൾ ചില നിയമവശങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
ഏത് എമിറേറ്റിലാണോ വാഹനം റജിസ്റ്റർ ചെയ്തിട്ടുള്ളത് ആ എമിറേറ്റിലെ ഗതാഗതവകുപ്പിൽ നിന്നാണ് ആദ്യം അനുമതിയെടുക്കേണ്ടത്. അതിനുശേഷം രാജ്യത്തിന് പുറത്തേക്ക് പോകുകയാണെന്ന് അറിയിച്ച് ദുബായ് ടൂറിസത്തിൽ നിന്നും അനുമതി വാങ്ങിയെന്ന് സുധീർ ഒരുമനയൂർ പറഞ്ഞു. ദുബായ് ടൂറിസത്തിന്റെ കീഴിൽ സ്പോർട്സ് കൗൺസിലിലെത്തി വാഹനത്തിന്റെ വിലയ്ക്ക് തത്തുല്യമായ തുകയും (ഏകദേശം 45,000 ദിർഹം) ഒരു ലക്ഷം ദിർഹത്തിന്റെ ചെക്കും കെട്ടിവയ്ക്കണം. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വാഹനത്തിന്റെ വിലയ്ക്ക് തത്തുല്യമായി നൽകിയ തുക തിരിച്ചുനൽകും.
റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വാഹനമൊന്നിന് 2500 ദിർഹവും നൽകണം. വാഹനമോടിക്കുന്നവരുടെ ലൈസൻസ് ഇന്റർനാഷനൽ ലൈസൻസാക്കി മാറ്റുകയെന്നുള്ളതാണ് മറ്റൊരു കടമ്പ. യുഎഇ ലൈസൻസും എമിറേറ്റ്സ് ഐഡിയുമുണ്ടെങ്കിൽ 180 ദിർഹം ഫീസ് നൽകി ഇന്റർനാഷനൽ ലൈസൻസാക്കി മാറ്റാം. ഇന്ത്യയിൽ ഉൾപ്പെടെ വാഹനമോടിക്കാൻ ഈ ലൈസൻസ് മതി. മറ്റൊന്ന് ഓരോ രാജ്യങ്ങളിലേക്കുമുള്ള വീസയാണ്. ചൈനയിൽ നിന്നുള്ള വീസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. ബാക്കി രാജ്യങ്ങളിലെല്ലാം വീസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്. റോഡ് വഴിയാണ് യാത്രയെന്നുള്ളതുകൊണ്ടുതന്നെ ഓരോ അതിർത്തി ചെക്ക് പോയിന്റിൽ നിന്നും വീസ ലഭ്യമാകും. പാസ്പോർട്ടിന് ആറുമാസത്തെ കാലാവധിയുണ്ടാകണമെന്നുള്ളതും പ്രധാനമാണ്, സുധീർ ഓർമിപ്പിക്കുന്നു.
∙പാചകം തനിയെ, ചോദിച്ച് ചോദിച്ച് പോകാം
യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമാണ്. സൗഹൃദ സംഘത്തിൽ പാചക താൽപര്യമുള്ളതുകൊണ്ട് അതിനും പരിഹാരമായി. ഭക്ഷണം പാകം ചെയ്യാനുള്ള പച്ചക്കറികൾ ഒഴികെയുള്ള സാധനങ്ങളെല്ലാം വാങ്ങിയാണ് യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയെന്നുള്ളതാണ് ലക്ഷ്യം.
∙ഇവിടെ തീരുന്നില്ല, ഇനി ലക്ഷ്യം യൂറോപ്
യാത്ര ലഹരിയാണ്, ആ ലഹരിയറിഞ്ഞവർ വീണ്ടും വീണ്ടും യാത്രയിലേക്കെത്തും. യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് റോഡ് മാർഗം യാത്ര ചെയ്തെത്തിയാൽ ഇനി ഈ സുഹൃദ് സംഘം ലക്ഷ്യമിടുന്നത് യൂറോപ് യാത്രയാണ്. യാത്ര ചെയ്യാനൊരു മനസ്സും ആരോഗ്യവുമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന ആത്മവിശ്വാസത്തോടെ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)