കൈക്കുഞ്ഞുമായി കെട്ടിടത്തിൻറെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി; യുഎഇയിൽ പ്രവാസി ഇന്ത്യക്കാരിക്കും കുഞ്ഞിനും ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ചാടിയത്. 33കാരിയായ യുവതി രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞുമായാണ് ചാടി മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം നടന്നത്. ഇവർ ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും മരിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
സംഭവം നടന്നയുടനെ കണ്ടുനിന്നവരാണ് പോലീസ് ഓപറേഷൻസ് റൂമിൽ അറിയിച്ചത്. ഉടൻ പോലീസ് പട്രോളിങ് സംഘം, ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസ് തുടങ്ങിയ സംഘം സ്ഥലത്തെത്തുകയും അതിവേഗം നടപടികളെടുക്കുകയും ചെയ്തു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സ്ഥരീകരിച്ചതായി പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)