
ഖത്തർ ടൂറിസം കുതിക്കുന്നു; ഈ വർഷം ആദ്യ പാദത്തിൽ 15 ലക്ഷത്തിലധികം സന്ദർശകർ
ദോഹ: ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളർച്ച പ്രാപിക്കുന്നു. ഈ വർഷം മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ 15 ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ രാജ്യത്തെത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം, ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് – 6.35 ലക്ഷം പേർ. ഫെബ്രുവരിയിൽ 5.17 ലക്ഷം പേരും മാർച്ചിൽ 3.51 ലക്ഷം പേരും ഖത്തർ സന്ദർശിച്ചു.
സന്ദർശകരിൽ 36.3 ശതമാനവും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ് (5.46 ലക്ഷം പേർ). യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്; 4.19 ലക്ഷം യൂറോപ്യൻ വിനോദ സഞ്ചാരികൾ ഖത്തറിലെത്തി. ഏഷ്യ-ഓഷ്യാനിയൻ രാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം സന്ദർശകരും ഈ കാലയളവിൽ ഖത്തറിലെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ മവാനി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ ക്രൂയിസ് സീസണിൽ 3.96 ലക്ഷം പേർ ഖത്തർ തീരത്ത് എത്തിച്ചേർന്നു. ഒക്ടോബറിൽ ആരംഭിച്ച ഈ സീസൺ ഈ മാസമാണ് അവസാനിച്ചത്. 2030 ഓടെ പ്രതിവർഷം 60 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാനാണ് ഖത്തർ ടൂറിസത്തിന്റെ ലക്ഷ്യം. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 12 ശതമാനമായി ഉയർത്താൻ കഴിയുമെന്നും ഖത്തർ ടൂറിസം പ്രതീക്ഷിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)