ഖത്തറിൽ പൊടിക്കാറ്റ് തുടരുന്നു: സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രാലയം
ദോഹ ∙ രാജ്യത്ത് പൊടിക്കാറ്റ് തുടരുന്നതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിവിധ മന്ത്രാലയങ്ങൾ. ഖത്തർ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രലയവും തൊഴിൽ മന്ത്രാലയവുമാണ് പൊതുജനങ്ങൾക്ക് സുരക്ഷമുന്നറിയിപ്പ് നൽകിയത്. ശ്വസന പ്രശ്നങ്ങൾ, അലർജി തുടങ്ങിയവയ്ക്ക് പുറമേ, പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയുന്നത് അപകടസാധ്യതകൾ സൃഷ്ടിക്കും.
ഖത്തറിന്റെ വിവിധ ഭാഗങ്ങളെ നിലവിൽ ബാധിക്കുന്ന അസാധാരണമായ കാലാവസ്ഥയിൽ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ രാജ്യത്തെ തൊഴിലുടമകളെ ഓർമിപ്പിച്ചു. ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്.
തൊഴിൽ സുരക്ഷയും ആരോഗ്യ മാർഗ്ഗനിർദേശങ്ങളും പാലിക്കാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്ന സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകർക്കാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും അതിനെ തുടർന്ന് മോശം ദൃശ്യപരതയും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ശക്തമായ പൊടിയിൽ റോഡുകളിൽ കുറഞ്ഞ തോതിലാണ് കാഴ്ച ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വാഹന അപകട സാധ്യത കൂടുതലാണ്. ഡ്രൈവർമാർ നിശ്ചിത അകലം പാലിച്ചും വേഗത കുറച്ചും വാഹനമോടിക്കുന്നത് അപകടം ഒഴിവാക്കാൻ സഹായകമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)