യുഎഇയിൽ പൊലീസ് ‘ഓൺ ദ ഗോ’ സേവനങ്ങൾ വിപുലീകരിച്ചു; പരാതി സമർപ്പിക്കാൻ ഇനി എളുപ്പം
ദുബൈ പൊലീസിൻറെ ‘ഓൺ ദ ഗോ’സംരംഭം രണ്ട് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. നിശ്ചയദാർഢ്യമുള്ളവർക്കും തൊഴിലാളികൾക്കും ഉപകാരപ്രദമാകുന്ന സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. ശാരീരിക, ശ്രവണ, കാഴ്ച പരിമിതിയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ സഹായം ലഭ്യമാക്കും. തൊഴിലാളികൾക്ക് വേതനം, താമസം, ആരോഗ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം.നിലവിൽ എമിറേറ്റിലെ 158 ഇന്ധന സ്റ്റേഷനുകളിൽ സേവനം ലഭ്യമാണ്. സ്മാർട്ട് സേവനങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരവും സന്തോഷവും വർധിപ്പിക്കാനുള്ള നേതൃത്വത്തിൻറെ കാഴ്ചപ്പാടിന് അനുസൃതമായാണ് സേവനങ്ങൾ നൽകുന്നതെന്ന് ഓൺ ദ ഗോ സംരംഭം മേധാവി ക്യാപ്റ്റൻ മാജിദ് ബിൻ സഈദ് അൽ കഅബി പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും സേവന വിതരണ സമയം കുറക്കാനും സംരംഭം മികച്ച സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . 2017ലാണ് സേവനം ആരംഭിച്ചത്. എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി (ഇനോക്), അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്), എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ (ഇമാറാത്ത്) എന്നിവയുമായി സഹകരിച്ചാണ് പൊലീസ് സംരംഭം നടപ്പാക്കുന്നത്. സുരക്ഷ നിലവാരം വർധിപ്പിക്കുക, പൊലീസ് സ്റ്റേഷനിലെ സന്ദർശകരുടെ എണ്ണം കുറക്കുക, സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുക തുടങ്ങിയവയാണ് സംരംഭം ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)