Posted By user Posted On

യുഎഇയിൽ ലഹരിക്കടത്ത്, നാല് സ്ത്രീകൾക്ക് ജീവപര്യന്തം, പിടിയിലായത് മയക്കുമരുന്ന് ശ്യംഖലയിലെ പ്രധാന കണ്ണികൾ

യുഎഇയിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാലം​ഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട നാലു പേരും ആഫ്രിക്കൻ വംശജരാണ്. നിരോധിത ലഹരി വസ്തുക്കൾ കൈവശം വെച്ച് വിൽക്കുന്ന ഒരു സ്ത്രീയെ പറ്റി ദുബൈ പോലീസിന്റെ ആന്റി നാർകോട്ടിക്സ് ജനറൽ ഡിപ്പാർട്ട്മെന്റിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ച് അന്വേഷണം നടത്തി. ഒരു വനിതാ പോലീസ് ഉദ്യോ​ഗസ്ഥ ലഹരി വസ്തുക്കൾ വാങ്ങാനെന്ന വ്യാജേന ഈ സ്ത്രീയെ സമീപിച്ചു. വലിയ അളവിലാണ് മയക്കുമരുന്ന് ആവശ്യമെന്നതിനാൽ നേരിട്ട് കാണണമെന്ന് പറയുകയും ഒരു കൂടിക്കാഴ്ച ക്രമീകരിക്കുകയും ചെയ്തു. കാണാമെന്ന് പറഞ്ഞ ദിവസം സംശയിക്കപ്പെട്ട സ്ത്രീ മറ്റ് രണ്ട് സ്തീകളോടൊപ്പമാണ് സ്ഥലത്തെത്തിയത്. വാഹനം ഓടിക്കാനായി ഒരു പുരുഷനും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ ഓപറേഷനിൽ മൂന്ന് സ്ത്രീകളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 2000 ദിർഹം വില വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ രാജ്യത്ത് മയക്കുമരുന്ന വിതരണം ചെയ്യുന്ന വലിയ ശ്യംഖലയുടെ കണ്ണികളായിരുന്നു ഇവരെന്ന് കണ്ടെത്തി. ജുമൈറയിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലിൽ കൂടുതൽ ലഹരി വസ്തുക്കളും ലഹരി ഇടപാടുകളുടെ തെളിവുകളും കണ്ടെത്തി. കൂടാതെ വിൽപ്പനക്കായി പ്രത്യേകം തയാറാക്കിയ മയക്കുമരുന്നുമായി മറ്റൊരു സ്ത്രീയെയും പിടികൂടി. ചോദ്യം ചെയ്യലിൽ സ്ത്രീകൾ കുറ്റം സമ്മതിച്ചു. എന്നാൽ, ഡ്രൈവർ ഈ അനധികൃത ഇടപാടുകളിൽ നിരപരാധിയാണെന്നും ഇതിൽ പങ്കാളിയല്ലെന്നും പറഞ്ഞു. ഇവരെ പറയുന്ന ഇടങ്ങളിൽ എത്തിക്കുക മാത്രമാണ് താൻ ചെയ്തിരുന്നതെന്നും മയക്കുമരുന്നിനെപറ്റി അറിവില്ലായിരുന്നെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ അറിയിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *