Posted By user Posted On

അശ്രദ്ധമായും അപകടകരമായും വാഹമനോടിച്ചാല്‍ സ്‌പോട്ടില്‍ അറസ്റ്റ്; ഒരു ലക്ഷം വരെ പിഴ

അബുദാബി: യുഎഇയിലെ പുതുക്കിയ ഗതാഗത ചട്ടങ്ങള്‍ പ്രകാരം, അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ക്ക് സ്‌പോട്ടില്‍ വച്ചുതന്നെ പിടിവീഴും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെ കര്‍ശനമായ വ്യവസ്ഥകളോടെയുള്ളതാണ് ഈയിടെ യുഎഇയില്‍ നിലവില്‍ വന്ന ട്രാഫിക് നിയമഭേദഗതി. ഇത്തരം കേസുകളില്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്യാം.മാര്‍ച്ച് അവസാനം പ്രാബല്യത്തില്‍ വന്ന പുതിയ നടപടികള്‍, അപകടകരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉള്‍പ്പെടെ, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. റോഡ് അപകടങ്ങളും അതിവഴിയുള്ള മരണങ്ങളും പരിക്കുകളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.ആറ് പ്രധാന കുറ്റകൃത്യങ്ങള്‍
പുതിയ ഗതാഗത നിയമപ്രകാരം, ആറ് കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലുമൊന്നിന് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും ഡ്രൈവര്‍മാരെ സ്ഥലത്തുതന്നെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്. മരണത്തിനോ പരിക്കിനോ കാരണമാവുന്ന രീതിയിലുള്ള ഡ്രൈവിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ് മൂലം കാര്യമായ സ്വത്ത് നാശനഷ്ടം വരുത്തിവയ്ക്കല്‍, പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിംഗില്‍ ഏര്‍പ്പെടല്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ സ്വാധീനത്തില്‍ വാഹനമോടിക്കല്‍, ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യല്‍, അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുകയോ ഉദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്യല്‍ എന്നിവയാണ് ഈ ഗുരുതര കുറ്റകൃത്യങ്ങള്‍.
കര്‍ശനമായ ശിക്ഷകള്‍
പുതിയ നിയമം അനുസരിച്ച് അശ്രദ്ധമായ ഡ്രൈവിംഗ് മൂലം മരണത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ നേരിടേണ്ടിവരും. ചുവന്ന സിഗ്‌നല്‍ മറികടക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, റദ്ദാക്കിയ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, വെള്ളപ്പൊക്ക സമയത്ത് താഴ് വരകള്‍ മുറിച്ചുകടക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും കുറഞ്ഞത് 100,000 ദിര്‍ഹവും പിഴയുമാണ് ശിക്ഷ.കൂടാതെ, അപകടങ്ങള്‍ക്കോ പരിക്കുകള്‍ക്കോ കാരണമാകുന്ന രീതിയില്‍ ഡ്രൈവിംഗില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2,000 ദിര്‍ഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് അവരുടെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയായി ലഭിക്കുക. മൂന്ന് മാസത്തിനുള്ളില്‍ 50,000 ദിര്‍ഹം നല്‍കി വാഹനം തിരികെ കൊണ്ടുപോയില്ലെങ്കില്‍ വാഹനം ലേലം ചെയ്തു വില്‍ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *