
വിവാഹത്തിന് കരുതിയ സ്വർണവും വധുവിന്‍റെ അമ്മയെയും കാണാനില്ല; പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയെന്ന് പരാതി
ലഖ്‌നൗ: മകളുടെ വിവാഹത്തിന് കരുതിവെച്ച സ്വര്‍ണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ അലിഗഢിലെ മന്ദ്രാക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഏപ്രില്‍ 16-ന് വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുധ വധുവിന്റെ അമ്മ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത്. അമ്മതന്നെയാണ് യുവാവുമായി മകളുടെ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രതിശ്രുത വരന്‍ വധുവിന്റെ വീട്ടില്‍ വരുന്നത് പതിവായിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് വധുവിന്റെ അമ്മയും പ്രതിശ്രുത വരനും അടുപ്പത്തിലായതെന്നാണ് വിവരം. വധുവിന്റെ അമ്മയ്ക്ക് ഇയാൾ മൊബൈല്‍ഫോണും സമ്മാനിച്ചിരുന്നു.
മൊബൈല്‍ഫോണ്‍ സമ്മാനിച്ചതിലും വീട്ടിലെ സന്ദര്‍ശനത്തിലും ബന്ധുക്കള്‍ക്കാര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞദിവസം വധുവിന്റെ അമ്മയും വരനായ യുവാവും ഷോപ്പിങ്ങിനെന്ന് പറഞ്ഞ് ഒരുമിച്ച് വീട്ടില്‍നിന്ന് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. ഇതോടെ സ്ത്രീയുടെ ഭര്‍ത്താവ് വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വര്‍ണവും പണവും കാണാനില്ലെന്ന് മനസിലായത്. സ്വര്‍ണവും പണവും കൈക്കലാക്കി ഇരുവരും ഒളിച്ചോടിയെന്ന് വ്യക്തമായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)