
ഖത്തറിലെ ഹമദ് വിമാനത്താവളം ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളം
ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും. മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള സ്കൈ ട്രാക്സ് പുരസ്കാരമാണ് ഹമദ് വിമാനത്താവളം നേടിയത്.
അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ 2025ലെ പുരസ്കാരപ്പട്ടികയിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളം, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നീ പുരസ്കാരങ്ങൾ ഹമദിനാണ്.
തുടർച്ചയായ പതിനൊന്നാം വർഷമാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി നിലനിർത്തുന്നത്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന ചടങ്ങിൽ ഹമദ് വിമാനത്താവള പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.
ആഗോള തലത്തിൽ ഏറ്റവും മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്ന വിമാനത്താവളമായി തുടർച്ചയായി മൂന്നാം വർഷവം ഹമദിനെ തിരഞ്ഞെടുത്തിട്ടുണ്ട്. യാത്രക്കാരുടെ വിലയിരുത്തലുകളും സൂചകങ്ങളും അടിസ്ഥാനമാക്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
വിപുലീകരണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുന്ന ഹമദ് വിമാനത്താവളത്തിൽ അടുത്തിടെയാണ് കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്ന ഡി,ഇ കോൺകോഴ്സുകൾ തുറന്നു നൽകിയത്. ഇതോടെ പ്രതിവർഷം 65 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന ലക്ഷ്യം തികക്കാൻ ഒരുങ്ങുകയാണ് വിമാനത്താവളം. സിംഗപ്പൂർ ചാംങ്കി വിമാനത്താവളമാണ് ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)