Posted By user Posted On

സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണത്തിന് പുരസ്‌കാരം നൽകാൻ ഖത്തർ

ദോഹ ∙ ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുരസ്‌കാരം സ്ഥാപിക്കുന്നതിനുള്ള കരട് അമീരി തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി ഇത് സംബന്ധിച്ച് വിശദീകരിച്ചു. ഖത്തർ ദേശീയ ദർശനം 2030 ലെ തൊഴിൽ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യം ഉൾപ്പെടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുക എന്നതാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം. കൂടാതെ, സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിൽ ഒരു നല്ല മത്സരം വളർത്താനും പുരസ്‌കാരം ലക്ഷ്യമിടുന്നു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഖത്തരി പൗരന്മാരിൽ നിന്നുള്ള മികച്ച പ്രതിഭകളെയും, നൂതന ആശയങ്ങളുള്ളവരെയും, സംരംഭകരെയും ഖത്തർ അവാർഡ് നൽകി ആദരിക്കും. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും, ഖത്തരി സ്ത്രീകളുടെ മക്കൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *