ലുസൈൽ സ്കൈ ഫെസ്റ്റിവൽ; കാഴ്ചക്കാർ 3.40 ലക്ഷം
ദോഹ: മൂന്നു ദിനങ്ങളിലായി നടന്ന ലുസൈൽ സ്കൈ ഫെസ്റ്റിൽ സന്ദർശകരുടെ പങ്കാളിത്തം ചരിത്രംകുറിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ആകാശ വിസ്മയ മേളയിൽ 3.40 ലക്ഷം പേർ കാണികളായി എത്തിയതായി വിസിറ്റ് ഖത്തർ അറിയിച്ചു. ഖത്തരി ദിയാറുമായി സഹകരിച്ച് നടന്ന മൂന്നു ദിവസത്തെ ഉത്സവ കാഴ്ചയിൽ 3000 ഡ്രോണുകൾ, 16 എയർക്രാഫ്റ്റുകൾ എന്നിവ പങ്കുചേർന്നപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 123 പേർ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.
ഖത്തർ, ബ്രിട്ടൻ, ഡെന്മാർക്, സ്വീഡൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു നേതൃത്വം നൽകിയത്. എയ്റോബാറ്റിക്സ്, സ്കൈ റൈറ്റിങ്, പൈറോടെക്നിക്, ലേസർ നൈറ്റ് ഷോ, വെടിക്കെട്ട് എന്നിവയുമായി ശ്രദ്ധേയമായ സ്കൈ ഫെസ്റ്റിവൽ പെരുന്നാൾ അവധി ആഘോഷത്തിനെത്തിയവർക്ക് അപൂർവ കാഴ്ചയൊരുക്കി. സൗജന്യ പ്രവേശനം അനുവദിച്ച ലുസൈലിൽ മൂന്ന് ദിവസവും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
Comments (0)