Posted By user Posted On

സ്വർണം വീഴുന്നു; സംസ്ഥാനത്ത് കനത്ത ഇടിവ്, പ്രവചനം ഫലിച്ചാൽ പവൻ 50,000നും താഴെ

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) ഇന്നും കനത്ത ഇടിവ്. കേരളത്തില്‍ (Kerala gold price) ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി. പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്.

ഈ മാസം മൂന്നിന് (ഏപ്രിൽ 3) രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ്. അതിനുശേഷം ഇതിനകം പവനു 2,680 രൂപയും ഗ്രാമിന് 335 രൂപയും ഇടിഞ്ഞു. വില റെക്കോർഡിൽ നിന്ന് വൻതോതിൽ കുറഞ്ഞതോടെ കേരളത്തിലെ സ്വർണാഭരണശാലകളിൽ തിരക്കും കൂടിത്തുടങ്ങി. വില വീണ്ടും കൂടുംമുമ്പേ നിലവിലെ വിലക്കുറവ് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പലരുമെന്ന് വ്യാപാരികൾ പറയുന്നു. 18 കാരറ്റ് സ്വർണത്തിനും ഇന്നു വില കുറഞ്ഞു. ചില കടകളിൽ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,780 രൂപയായപ്പോൾ മറ്റുചില കടകളിൽ 50 രൂപ തന്നെ കുറഞ്ഞ് 6,745 രൂപയിലാണ് വിൽപന. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 102 രൂപ.

ആഭരണപ്രിയർക്ക് ആശ്വാസം

ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് നിരീക്ഷർ പറയുന്നു.

ദീർഘകാലത്തിനുശേഷമുള്ള വിശേഷാവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും അവസരം പ്രയോജനപ്പെടുത്താം. ഇതിനായി മുൻകൂർ ബുക്കിങ് സൗകര്യം ഒട്ടുമിക്ക ജ്വല്ലറികളും നൽകുന്നുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നതാണ് നേട്ടം. അതായത്, ബുക്ക് ചെയ്തശേഷം വില കൂടിയാലും ഉപഭോക്താവിനെ അതു ബാധിക്കില്ല.

കൂടുന്നതിനു പകരം കുറഞ്ഞ് സ്വർണവില!

ലോകമാകെ വ്യാപാരയുദ്ധത്തിന്റെ പിടിയിൽ. ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക സാമ്പത്തികമാന്ദ്യത്തിന്റെ നിഴലിൽ. തകർന്നടിഞ്ഞ് ഓഹരി-കടപ്പത്ര വിപണികൾ. എന്നിട്ടും കുതിച്ചുകയറുന്നതിനു പകരം രാജ്യാന്തര, ആഭ്യന്തരവിപണികളിൽ കനത്ത ഇടിവുനേരിടുകയാണ് സ്വർണം. ഔൺസിന് കഴിഞ്ഞവാരം 3,169.99 ഡോളർ എന്ന എക്കാലത്തെയും ഉയരത്തിലായിരുന്ന രാജ്യാന്തര സ്വർണവില സാമ്പത്തിക വിദഗ്ധരെ പോലും അമ്പരിപ്പിച്ച് 2,960 ഡോളറിലേക്ക് നിലംപൊത്തി. എന്താണ് സ്വർണത്തിൽ സംഭവിക്കുന്നത്? വിലകൂടാനുള്ള സാഹചര്യമായിട്ടും വില കുറയുന്നത് എന്തുകൊണ്ട്?

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

കാരണം, മറ്റൊന്നുമല്ല. ആഗോള സാമ്പത്തികമാന്ദ്യ, വ്യാപാരയുദ്ധ ഭീതി സ്വർണ നിക്ഷേപകരെയും ആശങ്കപ്പെടുത്തുകയാണ്. സ്വർണവിലയിലും വൈകാതെ വലിയൊരു ‘തിരുത്തൽ’ (Correction) നേരിട്ടേക്കാമെന്ന് അവർ പേടിക്കുന്നു. യുഎസും ചൈനയും മറ്റും സ്വർണത്തിനുമേലും നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന ആശങ്കയും ശക്തം. കഴിഞ്ഞയാഴ്ചകളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത് പലരും ഗോൾഡ് ഇടിഎഫിൽ നിന്നും മറ്റും ലഭാമെടുപ്പ് തകൃതിയാക്കിയതും സ്വർണവിലയെ താഴേക്ക് നയിച്ചു.

ഓഹരി വിപണിയുടെ കഴിഞ്ഞദിവസങ്ങളിലെ കനത്ത ഇടിവുമൂലം നിരവധി കമ്പനികളുടെ ഓഹരിവില ഇപ്പോൾ ‘ആദായനിരക്കിൽ’ ആയിട്ടുണ്ട്. ഇതു അവസരമായി കണ്ട്, സ്വർണത്തിലെ നിക്ഷേപം പിൻവലിച്ച് ആ തുകകൊണ്ട് ഓഹരികൾ വാങ്ങിക്കൂട്ടാൻ പലരും ശ്രമിച്ചേക്കും. ഓഹരികളിലെ ഈ ‘ബൈ ദ് ഡിപ്’ അവസരം പ്രയോജനപ്പെടുത്താനാണ് സ്വർണനിക്ഷേപം പിൻവലിക്കുന്നതും വില ഇടിയുന്നതും എന്നു ഒരുവിഭാഗം നിരീക്ഷകർ കരുതുന്നു.

അതേസമയം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കുറച്ചേക്കാമെങ്കിലും ‘ധൃതിയില്ല’ എന്നവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാട് സ്വർണത്തിനു പ്രതികൂലമാണ്. ഇതും വില കുറയാൻ ഒരു കാരണമായിട്ടുണ്ടാകാമെന്ന് നിരീക്ഷകർ കരുതുന്നു.

പ്രവചനം ഫലിക്കുമോ?

യുഎസ് അനലിസ്റ്റ് ജോൺ മിൽസ് അടുത്തിടെ, രാജ്യാന്തര സ്വർണവില 38% ഇടിഞ്ഞ് 1,820 ഡോളർ വരെ എത്തിയേക്കാമെന്ന് പ്രവചിച്ചിരുന്നു. പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം (safe-haven demand) എന്ന പെരുമ സ്വർണത്തിനു അധികകാലം ഉണ്ടാകില്ലെന്നും വില ഇടിയുമെന്നുമാണ് ജോൺ മിൽസിന്റെ വാദം. പ്രവചനം ഫലിച്ചാൽ കേരളത്തിൽ പവൻവില 50,000 രൂപയ്ക്ക് താഴെയെത്താം.

പണിക്കൂലിയും ചേർന്നാൽ വില

ഏപ്രിൽ 3ന് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ സ്വർണത്തിന്റെ വാങ്ങൽവില കേരളത്തിൽ (മിനിമം 5% പണിക്കൂലി പ്രകാരം) 74,116 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,265 രൂപയും. അടിസ്ഥാന വിലയ്ക്ക് പുറമെ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് സ്വർണാഭരണവില.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *