
ഗർഭാശയഗള അർബുദം; 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ യുഎഇ
സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണിത്. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള തന്ത്രത്തിന്റെ ഭാഗമാണിത്. രോഗബാധിതർക്ക് നൂതന ചികിത്സ നൽകുകയും ചെയ്യും.സെർവിക്കൽ കാൻസർ സ്ത്രീകളിൽ മാത്രമാണ് ഉണ്ടാകുന്നതെങ്കിലും ഇതിനു കാരണമാകുന്ന എച്ച്പിവി വൈറസ് ലൈംഗിക ബന്ധിലൂടെയാണ് പകരുന്നത്. അതിനാൽ ആൺകുട്ടികളെകൂടി പരിശോധനയിൽ ഉൾപ്പെടുത്തുന്നുണ്ട്. 2018ൽ സ്ത്രീകൾക്കുള്ള ദേശീയ രോഗപ്രതിരോധ പരിപാടിയിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്തിയ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ആദ്യത്തെ രാജ്യമായിരുന്നു യുഎഇ. 2023ൽ 13-14 പ്രായമുള്ള ആൺകുട്ടികളെ ഉൾപ്പെടുത്തി എച്ച്പിവി വാക്സീൻ പദ്ധതി വിപുലീകരിച്ചു. ആൺകുട്ടികളിലും പെൺകുട്ടികളിലും രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.ദേശിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് യുഎഇയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അഞ്ചാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ. 25-65 വയസ്സിനിടയിലുള്ള സ്ത്രീകൾക്ക് പതിവായി സെർവിക്കൽ കാൻസർ സ്ക്രീനിങ് നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെയുള്ള രോഗനിർണയം ശമനം എളുപ്പമാക്കും. 3 മുതൽ 5 വർഷ ഇടവേളകളിൽ സെർവിക്കൽ കാൻസർ പരിശോധന നടത്താനാണ് മന്ത്രാലയം ശുപാർശ ചെയ്യുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)