50,000 റിയാലിൽ കൂടുതൽ കൈവശമുണ്ടെങ്കിൽ അറിയിക്കണം, ഇല്ലെങ്കിൽ തടവും വൻ പിഴയും; നിർദേശവുമായ് ഖത്തർ
ദോഹ ∙ ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരുമായ യാത്രക്കാരുടെ കൈവശം 50,000 ഖത്തരി റിയാലിൽ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മൂല്യമേറിയ ലോഹങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണമെന്ന് ഖത്തര്‍ കസ്റ്റംസ് ജനറൽ അതോറിറ്റി ഓർമപ്പെടുത്തി. എയർപോർട്ട് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ അതിർത്തിയിലെ കസ്റ്റംസ് ഓഫിസിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകളും യാത്രക്കാരോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയും യാത്ര ചെയ്യുന്നവർക്ക് ഈ വ്യവസ്ഥ ബാധകമാണ്.
ഡിക്ലറേഷൻ ഫോം നൽകാതിരിക്കുകയോ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ 3 വർഷം വരെ തടവും 1 ലക്ഷം മുതൽ പരമാവധി 5 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പിടിച്ചെടുത്ത തുകയും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.
കൈവശം എന്തൊക്കെ?
50,000 ഖത്തരി റിയാലിൽ (ഏകദേശം 11,77,500 ഇന്ത്യൻ രൂപ) കൂടുതൽ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ കല്ലുകള്‍, സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ മൂല്യമേറിയ ലോഹങ്ങള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പു വെച്ച പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ കൈവശമുള്ളവര്‍ അക്കാര്യം അധികൃതരെ അറിയിച്ചിരിക്കണം.
അനുമതി എങ്ങനെ?
∙ 50,000 റിയാലില്‍ അധികം മൂല്യമുള്ള കറന്‍സിയാണ് രാജ്യത്തേക്ക് കൊണ്ടുവരികയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആണെങ്കില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയും നിർബന്ധം.
∙ അറൈവല്‍ അല്ലെങ്കില്‍ ഡിപ്പാര്‍ച്ചറിലെ ഇമിഗ്രേഷന്‍ ഹാളില്‍ നിന്നു ലഭിക്കുന്ന ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണം. മൂല്യമേറിയ സാധനങ്ങളാണെങ്കില്‍ ബില്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ ഉള്‍പ്പെടെയുള്ള രേഖകളും ഇതോടൊപ്പം ഹാജരാക്കണം.
∙ കസ്റ്റംസ് ഓഫിസര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും നല്‍കാന്‍ യാത്രക്കാരന്‍ ബാധ്യസ്ഥനാണ്.
∙ ഡിക്ലറേഷന്‍ അപേക്ഷ നല്‍കാതിരുന്നാല്‍ അല്ലെങ്കിൽ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)