
പ്രവാസത്തിൽ സ്നേഹപ്പെരുന്നാൾ; ഖത്തറിൽ 700ലേറെ ഇടങ്ങളിൽ ഈദ് നമസ്കാരങ്ങൾ നടന്നു
ദോഹ: വ്രതവിശുദ്ധിയുടെ 29 ദിനങ്ങൾക്കു ശേഷം, പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വിശ്വാസി സമൂഹം. ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ വംശീയ ഉന്മൂലനത്തിന് ഇരയാവുന്ന ഫലസ്തീനികൾക്കായി മനമുരുകി പ്രാർഥിച്ചും, റമദാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിൽ നിലനിർത്താൻ ആഹ്വാനം ചെയ്തും പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ജനലക്ഷങ്ങൾ ഒത്തുചേർന്നു. രാവിലെ 5.43നായിരുന്നു ഖത്തറിലുടനീളം പെരുന്നാൾ നമസ്കാരങ്ങൾ ആരംഭിച്ചത്.
വുകൈർ വലിയ പള്ളിയിൽ ഈദ് നമസ്കാരത്തിനെത്തിയവരുടെ നിര പള്ളിയും നിറഞ്ഞ് പുറത്തേക്ക് നീണ്ടപ്പോൾ -ചിത്രം: നാസർ ആലുവ
പ്രാർഥനാ കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് അതിരാവിലെ തന്നെ ജനങ്ങൾ പുറത്തിറങ്ങിയപ്പോൾ, കുറ്റമറ്റ ഗതാഗത ക്രമീകരണങ്ങളുമായി അധികൃതർ യാത്രാ സൗകര്യവുമൊരുക്കി. തലസ്ഥാന നഗരിയായ ദോഹയിലും നഗരത്തിന് പുറത്തും വിദൂര സ്ഥലങ്ങളിലുമായി 730ഓളം സ്ഥലങ്ങളിൽ ഈദ് നമസ്കാര സൗകര്യം ഒരുക്കിയതായാണ് റിപ്പോർട്ട്.
നേരത്തെ പള്ളികളും ഈദ് ഗാഹും ഉൾപ്പെടെ 690 ഇടങ്ങളെന്നായിരുന്നു ഔഖാഫ് അറിയിച്ചതെങ്കിലും ജനത്തിരക്ക് പരിഗണിച്ച് കൂടുതൽ ഇടങ്ങളിൽ നമസ്കാരം നടന്നു. പെരുന്നാൾ നമസ്കാരത്തിനു ശേഷം നടന്ന പ്രഭാഷണങ്ങളിൽ എല്ലായിടങ്ങളിലും ഇമാമുമാർ ഫലസ്തീനികളുടെ സഹനവും ജീവിതവും ഓർമിച്ചുകൊണ്ട് ഉത്ബോധിപ്പിച്ചു. അവർക്കുവേണ്ടി പ്രാർഥനകളും നടന്നു. പ്രധാന നമസ്കാര കേന്ദ്രങ്ങളായ ഇമം മുഹമ്മദ് ബിൻ അബ്ദുൽവഹാബ് മസ്ജിദ്, ദോഹയിലെ അൽ അറബി സ്റ്റേഡിയം, അലി ബിൻ അലി പള്ളി, ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, മുശൈരിബ് ഡൗൺടൗൺ, അൽ വുകൈർ, അൽ വക്റ തുടങ്ങിയ കേന്ദ്രങ്ങളിലെ ഈദ് നമസ്കാരങ്ങൾ ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)