
യുഎഇയിൽ ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
ഉപഭോക്തൃ അവകാശ സംരക്ഷണ വകുപ്പ് ജീവനക്കാരെന്ന വ്യാജേന ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് പൗരന്മാരെയും താമസക്കാരെയും സംഘാംഗങ്ങൾ ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.യു.എ.ഇ പാസ് ആപ്പിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണ് പ്രതികൾ ഇരകളോട് ആവശ്യപ്പെട്ടിരുന്നത്. ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കാനും പണം തട്ടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. ബാങ്ക് കാർഡ് നമ്പറുകൾ, സി.വി.വി കോഡുകൾ എന്നിവയുൾപ്പെടെ സുപ്രധാന വിവരങ്ങൾ കൈക്കലാക്കുന്നതിനായി സംഘം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വകുപ്പിലെ ആന്റി ഫ്രോഡ് സെന്റർ അധികൃതർ അറിയിച്ചു.ഔദ്യോഗിക സ്ഥാപനങ്ങളിലുള്ള വ്യക്തികളുടെ വിശ്വാസം മുതലെടുത്ത്, ഇരകളുടെ അക്കൗണ്ടുകളിൽനിന്ന് അവരുടെ അറിവില്ലാതെ സംഘം പണം പിൻവലിച്ചതായും കണ്ടെത്തി. തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. അന്വേഷണത്തിൽ പ്രതികളുടെ സ്ഥലം തിരിച്ചറിഞ്ഞ്, തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളോടെയാണ് ഇവരെ പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)