
വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി
ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും പോക്കറ്റുകളും അടുത്തിടെ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളും പരിശോധിക്കുക. പാസ്പോർട്ട് ശരിക്കും നഷ്ടമായതു തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.ശേഷം, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി, പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യുക. പൊലീസിൽ പരാതി നൽകുമ്പോൾ, നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പ്രസക്തമായ തിരിച്ചറിയൽ രേഖകൾ നൽകുകയും വേണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും യാത്രാ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴുമെല്ലാം ഈ ഔദ്യോഗിക റിപ്പോർട്ട് വളരെ സഹായകരമാകുമെന്നതിനാൽ പരാതി റിപ്പോർട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. മാത്രമല്ല, നഷ്ടപ്പെട്ട പാസ്‌പോർട്ടുകളുടെ ദുരുപയോഗത്തിൽ നിന്നും ഇത് നിങ്ങളെ രക്ഷിക്കും.പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ യാത്ര ചെയ്യുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടുക എന്നതാണ്. പൊലീസ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവർക്കു നൽകുക, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.പാസ്‌പോർട്ട് നഷ്ടപ്പെട്ടതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കാൻ എംബസികളും കോൺസുലേറ്റുകളും സജ്ജമാണ്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച്, പൗരത്വം സ്ഥിരീകരിച്ചതിനു ശേഷം, പകരം താൽക്കാലിക യാത്രാ രേഖകൾ എംബസി നൽകും. ഇന്ത്യൻ എംബസിയിൽ പോകുമ്പോൾ, നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാം. അതിനായി, പൂരിപ്പിച്ച EAP-2 ഫോം അപേക്ഷ, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ മുൻ, പിൻ പേജുകളുടെ പകർപ്പ്, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ പൊലീസ് റിപ്പോർട്ടിൻറെ പകർപ്പ്, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ എംബസി ആവശ്യപ്പെടും. ഈ നടപടിക്രമം ഒരു ആഴ്ച വരെ എടുത്തേക്കാം.രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പുതിയ പാസ്‌പോർട്ട് പ്രിൻറ് ചെയ്യുന്നതിനായി എംബസി നിങ്ങളുടെ അപേക്ഷ ഇന്ത്യയിലേക്ക് അയയ്ക്കും. തുടർന്ന് ഈ പാസ്‌പോർട്ട് നിങ്ങൾ അപേക്ഷിച്ച എംബസിയിലേക്ക് അയയ്ക്കും. എന്നാൽ, ഈ സമയത്ത്, പാസ്പോർട്ട് എത്തുന്നതുവരെ നിങ്ങൾ ആ രാജ്യത്ത് തന്നെ താമസിക്കേണ്ടി വരും. വിദേശത്ത് ഒരു ആഴ്ച കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനു പകരം എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതി. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനോ, കൂടുതൽ ദൂരം സഞ്ചരിക്കാനോ ഇത് ഉപയോഗിക്കാം.നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യം, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക എന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)