
യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന, അരലക്ഷം കടന്ന് ‘വിമാനക്കൊള്ള’; പ്രവാസികൾക്ക് ദുരിതം ‘മൂന്നിരട്ടി’, നിരക്ക് ഇനിയും കൂടിയേക്കും
പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും തിരിച്ചടിയായി വിമാന നിരക്കിൽ വൻ വർധന. യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ് വർധന. അവധി അടുക്കുംതോറും നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ നൽകുന്ന സൂചന. ഫെബ്രുവരിയിൽ ദുബായിൽനിന്ന് കൊച്ചിയിൽ പോയി വരാൻ ഒരാൾക്ക് 14,000 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 45,000 രൂപയ്ക്കു മുകളിലാണ്. നാലംഗ കുടുംബത്തിന് പോയിവരാൻ ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ രൂപയാകും. നാട്ടിൽ വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതോടെ ഗൾഫിലേക്ക് പ്രവാസി കുടുംബങ്ങൾ എത്തിത്തുടങ്ങും. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 32,000 രൂപയാണ് ഒരാൾക്ക് വൺവേ നിരക്ക്.
ഏപ്രിൽ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാൻ ഒരാൾക്ക് 60,000 രൂപയ്ക്ക് മുകളിലും. നാലംഗ കുടുംബത്തിന് 2 ലക്ഷത്തിലേറെ രൂപയാകും.ഇതേസമയം യാത്ര മാസങ്ങൾക്കു മുൻപ് ആസൂത്രണം ചെയ്യുകയും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുകയും ചെയ്തവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവരെയാണ് നിരക്കു വർധന ബാധിക്കുക. ചില സമയം സീറ്റില്ലാത്ത പ്രശ്നവും ബുദ്ധിമുട്ടാകുന്നു.
∙ വേണം കൂടുതൽ സർവീസുകൾ
ഗൾഫ് കേരള സെക്ടറിൽ കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തുകയോ സീസൺ സമയത്ത് അധിക സർവീസ് അനുവദിക്കുകയോ ചെയ്താൽ നിരക്കുവർധന ഒരു പരിധിവരെ തടയാമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാല അവധിക്ക് വിനോദ യാത്രയ്ക്കു പോകുന്നവർക്കും നിരക്ക് വർധന തിരിച്ചടിയായി. യുഎസ്, യുകെ, യൂറോപ്പ് തുടങ്ങി വിദേശ രാജ്യങ്ങളിലേക്കുള്ള ടൂറിസം പാക്കേജ് നിരക്കിലും 50 ശതമാനം വർധനയുണ്ട്. കുതിച്ചുയർന്ന വിമാന നിരക്ക് കുറയണമെങ്കിൽ യുഎഇയിലെ മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളും കഴിയണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)