Posted By user Posted On

സന്ദർശക വീസയിൽ ജോലി; താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും അനുവദിക്കില്ല, നടപടി കടുപ്പിച്ച് യുഎഇ

യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കാൻ പാടില്ല. വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമാണ്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സന്ദർശക വീസ ഉൾപ്പെടെ വ്യത്യസ്ത വീസയിലുള്ളവരെ ജോലിക്ക് എടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

വർക്ക് പെർമിറ്റിന് അപേക്ഷ നൽകി എന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂ എന്നും വ്യക്തമാക്കി.

വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരും. തൊഴിൽ പ്രശ്നങ്ങൾ നേരിട്ടാൽ അധികൃതരെ സമീപിക്കാനും സാധിക്കും. സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവർ യുഎഇ തൊഴിൽ നിയമം ലംഘിക്കുന്നവരാണെന്നും പറഞ്ഞു.

നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുമായി (ഐസിപി) സഹകരിച്ച് മന്ത്രാലയം സംയുക്ത പരിശോധന ഊർജിതമാക്കും.

നിയമം ലംഘിച്ച് ജോലി നൽകിയ തൊഴിലുടമയുടെ ലേബർ ഫയൽ സസ്പെൻഡ് ചെയ്യും. വർക്ക് പെർമിറ്റ് ഇല്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാൽ പുതിയ വർക്ക് പെർമിറ്റ് നിഷേധിക്കും. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

വിവിധ ജോലിക്ക് അനുയോജ്യമാകുംവിധം പാർട്ട് ടൈം, ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് ഉൾപ്പെടെ വ്യത്യസ്ത വർക്ക് പെർമിറ്റ് ലഭ്യമാണെന്നും ഹ്രസ്വകാല ജോലികൾക്ക് ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു. കൂടാതെ 15-18 വയസ്സുള്ളവർക്കായി ജുവനൈൽ വർക്ക് പെർമിറ്റുകൾ ലഭ്യമാണ്. വ്യവസ്ഥകൾക്ക് വിധേയമായി ഇവ പ്രയോജനപ്പെടുത്താം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *