
പ്രവാസികൾക്ക് യുഎഇയിൽ നിന്നും വീസയില്ലാതെ യാത്ര ചെയ്യാം; അറിയേണ്ട പ്രധാന വിവരങ്ങൾ
പെരുന്നാളിനും തുടർന്നുമുള്ള അവധിക്കാലത്ത് യുഎഇയിൽ നിന്ന് വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വീസയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാം.ഒട്ടേറെ രാജ്യങ്ങൾ യുഎഇ നിവാസികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വീസ അംഗീകാരങ്ങൾക്കായി കാത്തിരിക്കാതെ, ലോകത്തിലെ അപൂർവ കാഴ്ചകൾ കാണാനുള്ള അവസരമുണ്ട്. വീസ ഓൺ അറൈവൽ അനുവദിക്കുന്നതോ എൻട്രി പെർമിറ്റിന്റെ ആവശ്യകത പൂർണമായും ഒഴിവാക്കുന്നതോ ഇതിൽ ഉൾപ്പെടുന്നു. യുഎഇ സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും അവരുടെ പാസ്‌പോർട്ട് പരിഗണിക്കാതെയോ, വീസയില്ലാതെയോ വീസ ഓൺ അറൈവൽ വഴിയോ യാത്ര ചെയ്യാൻ കഴിയുന്ന 9 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
∙ ജോർജിയ
യുഎഇ നിവാസികൾക്ക് ജോർജിയയിൽ പ്രവേശിക്കാൻ വീസ ആവശ്യമില്ല. പ്രവേശന അനുമതിയില്ലാതെ 90 ദിവസം താമസിക്കാം.
യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര രാജ്യം യുഎഇയിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. പർവതങ്ങൾ, കരിങ്കടൽ ബീച്ചുകൾ, ചരിത്രപ്രാധാന്യമുള്ള പട്ടണങ്ങൾ എന്നിവ ഇവിടെയുണ്ട്. തലസ്ഥാനമായ ടിബിലിസിയിലേക്ക് വെറും മൂന്നര മണിക്കൂർ വിമാനയാത്ര മാത്രം അകലെ. കൂടാതെ മേഖലയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞ അവധിക്കാല കേന്ദ്രമാണിത്.
∙ഉസ്ബെക്കിസ്ഥാൻ
മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാൻ യുഎഇ നിവാസികൾക്ക് വീസ ഓൺ അറൈവൽ അനുവദിക്കുന്നു. വീസയില്ലാതെ 30 ദിവസം വരെ രാജ്യത്ത് താമസിക്കാം.ഉസ്ബെക്കിസ്ഥാനിലെ ജനപ്രിയ നഗരങ്ങളിൽ പ്രശസ്തമായ താഷ്കന്റ് ടവറും ചരിത്ര മ്യൂസിയങ്ങളും ഉള്ള തലസ്ഥാനമായ താഷ്കന്റും ബ്ലൂ മോസ്ക് അടക്കം മനോഹരമായ പള്ളികളും ശവകുടീരങ്ങളും ഉള്ള സമർഖണ്ഡും ഉൾപ്പെടുന്നു.
∙മാലിദ്വീപ്
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് 30 ദിവസത്തെ വീസ ഓൺ അറൈവൽ നൽകുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.
ശാന്തമായ ബീച്ചുകൾക്കും നീല ജലാശയങ്ങൾക്കും പുറമേ, പള്ളികൾ, മത്സ്യ മാർക്കറ്റുകൾ, പവിഴപ്പുറ്റുകൾ എന്നിവയ്ക്കും രാജ്യം പ്രശസ്തമാണ്.
∙അസർബെയ്ജാൻ
കോക്കസസ് മേഖലയിലെ മറ്റൊരു രാജ്യമായ അസർബെയ്ജാനിൽ യുഎഇ നിവാസികൾക്ക് വീസ ഓൺ അറൈവൽ ലഭിക്കും.
വീസ ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു മാസത്തേയ്ക്ക് സാധുതയുള്ളതാണ്. എങ്കിലും 15 ദിവസത്തിൽ കൂടുതൽ താമസിക്കണമെങ്കിൽ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ റജിസ്ട്രേഷൻ ചെയ്യണം. സർക്കാർ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യത്ത് താമസിക്കുന്ന ഹോട്ടലിന് ഇത് ചെയ്യാൻ നിങ്ങളെ സഹായിക്കാനാകും. തലസ്ഥാനമായ ബാക്കുവിന്റെ പ്രശസ്തിയിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് അസർബെയ്ജാൻ.
∙കെനിയ
ലോകത്തെങ്ങുമുള്ള സന്ദർശകർക്ക് 2024 ജനുവരി മുതൽ വീസ ആവശ്യമില്ലാത്ത രാജ്യമാണ് കെനിയ. 2023-ലായിരുന്നു ഈ പ്രഖ്യാപനം. ഈ ആഫ്രിക്കൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യൻ മഹാസമുദ്ര തീരപ്രദേശത്ത് ബീച്ച് അവധിക്കാലവും ഉൾനാടൻ വന്യജീവി സഫാരികളും ഏറെ ആകർഷിക്കും.
∙സീഷെൽസ്
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ സീഷെൽസിലേക്ക് മിക്ക രാജ്യക്കാർക്കും വീസ ആവശ്യമില്ല. സാധുവായ യാത്രാ രേഖകളും മടക്കയാത്രാ ടിക്കറ്റും കാണിച്ചാൽ യാത്രക്കാർക്ക് രാജ്യത്ത് എത്തുമ്പോൾ ഒരു പ്രവേശന പെർമിറ്റ് മാത്രമേ നൽകുന്നുള്ളൂ. അതിമനോഹരമായ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, വന്യജീവികൾ – ഭീമൻ ആമകൾ ഉൾപ്പെടെ സീഷെൽസ് പ്രശസ്തമാണ്.
∙ നേപ്പാൾ
ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം യുഎഇ നിവാസികൾക്ക് വീസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റിന്റെ ആസ്ഥാനമെന്നതിന് പുറമേ, ഒട്ടേറെ മനോഹരമായ ബുദ്ധ, ഹിന്ദു ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ശാന്തമായ വിനോദയാത്രകൾ, രുചികരമായ തെരുവ് ഭക്ഷണം, ആതിഥ്യമര്യാദ എന്നിവയ്ക്കും നേപ്പാൾ പേരുകേട്ടതാണ്.
∙ അർമേനിയ
സാധുവായ എമിറേറ്റ്സ് ഐഡി ഉള്ള, 50-ലേറെ രാജ്യങ്ങളിൽ നിന്നുള്ള (ഇന്ത്യ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, ഫിലിപ്പീൻസ് ഉൾപ്പെടെ) പൗരന്മാർക്ക് അർമേനിയയിൽ വീസ ഓൺ അറൈവൽ ലഭിക്കും.പുരാതന ആശ്രമങ്ങളും ചരിത്ര സ്ഥലങ്ങളുമുള്ള സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ഈ രാജ്യത്ത് മറഞ്ഞിരിക്കുന്ന രത്നങ്ങളും മനോഹരമായ വിനോദയാത്രകളും സഞ്ചാരികൾക്ക് അപൂർവാനുഭവം സമ്മാനിക്കും. തണുത്ത താപനില യുഎഇ നിവാസികൾക്ക് മരുഭൂമിയിലെ ചൂടിൽ നിന്ന് ഒരു നല്ല ഇടവേള നൽകും.
∙ ഇന്തൊനീഷ്യ
97 രാജ്യങ്ങളിൽ നിന്നുള്ള യുഎഇ നിവാസികൾക്ക് ഇന്തൊനീഷ്യയിൽ ഇലക്ട്രോണിക് വീസ ഓൺ അറൈവൽ (e-VoA) ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)