
വിപണിയിൽ നിലവാരമുള്ള ഉൽപന്നങ്ങൾ മാത്രം മതി; യുഎഇ നിലപാട് വ്യക്തമാക്കി മന്ത്രി
നിലവാരമില്ലാത്ത ഉൽപന്നങ്ങൾ നിറയ്ക്കാനുള്ളതല്ല യുഎഇ വിപണിയെന്നും ഇത്തരം ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിൽ ഇറക്കാൻ അനുവദിക്കില്ലെന്നും വിദേശവ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു. ഉൽപാദകർ നിലവാരമുള്ള ഉൽപന്നങ്ങൾ പ്രാദേശികമായി നിർമിച്ച് വിപണിയെ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.ഉൽപാദകർക്ക് അസംസ്കൃത വസ്തുക്കളും പ്രവർത്തനത്തിന് ആവശ്യമായ ജല, വൈദ്യുതിയും ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും വ്യവസായത്തിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. ഷാർജ റമസാൻ മജ്‌ലിസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. യുഎഇയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ (സെപ) ഒപ്പിട്ട രാജ്യങ്ങളുമായി സഹകരിച്ച് നിലവാരമുള്ള അസ്സൽ ഉൽപന്നങ്ങൾ വിപണിയിൽ ഉറപ്പാക്കാം.ഇന്ത്യ, ഇന്തോനീഷ്യ, ഇസ്രയേൽ, തുർക്കി, ജോർജിയ തുടങ്ങി ഡസനിലേറെ രാജ്യങ്ങളുമായി യുഎഇ സെപ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ സംബന്ധിച്ച് തർക്കമുണ്ടായാൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.സെപ കരാർ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ച് പുതിയ പങ്കാളിത്തം കണ്ടെത്തുന്നതിലൂടെ നിലവാരമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനാകുമെന്ന് സാമ്പത്തിക മന്ത്രാലയം വിദേശ വ്യാപാര അസി.അണ്ടർ സെക്രട്ടറി ജുമാ അൽ കെയ്ത് പറഞ്ഞു.ഇറക്കുമതി ഉൽപന്നങ്ങൾക്ക് തീരുവ ഇല്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്തതിനാൽ മിതമായ നിരക്കിൽ ലഭ്യമാക്കാനാകുമെന്നും പറഞ്ഞു. സ്വകാര്യമേഖലയ്ക്ക് പുതിയ വിപണികളിൽ പ്രവേശിക്കുന്നതിന് സെപ കരാർ വൻ അവസരങ്ങളാണ് നൽകുന്നതെന്ന് സ്റ്റാൻഡേഡ്സ് ആൻഡ് റെഗുലേഷൻസ് അസി. അണ്ടർ സെക്രട്ടറി ഡോ. ഫറാ അൽ സറൂനി പറഞ്ഞു. മേയിൽ അബുദാബിയിൽ നടക്കുന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ എക്സിബിഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)