
ഖത്തറിലെ ഡ്യൂൺ റേസിൽ ഒന്നാമതെത്തി മലയാളി യുവാവ്
ദോഹ: മരുഭൂമിയിലെ മണൽക്കൂനകൾക്കു മുകളിലൂടെ അതിവേഗത്തിലും സുരക്ഷിതമായും കുതിച്ചുപാഞ്ഞ് വിജയക്കൊടി പറത്തി ഒരു മലയാളി. റെഡ്ബുൾ നേതൃത്വത്തിൽ ഖത്തറിൽ ആദ്യമായി സംഘടിപ്പിച്ച ഡ്യൂൺ റഷ് റേസിൽ മലപ്പുറം കൊട്ടപ്പുറം സ്വദേശി ഫിദാസ് കരിമ്പനാണ് ഒന്നാം സ്ഥാനം നേടി അഭിമാനമായത്. സ്വദേശികളും വിദേശികളുമടക്കം വിവിധ രാജ്യക്കാരായ 40 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് സീലൈനിലെ മരുഭൂമിയിലെ സാൻഡ് ഡ്യൂണിൽ മത്സരം നടന്നത്.
നിശ്ചിത ട്രാക്കിലൂടെ ഏറ്റവും വേഗത്തില്‍ വാഹനം ഓടിക്കുന്നതാണ് മത്സരരീതി. എസ്.യു.വി വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ടായിരുന്നു മത്സരമെന്ന് ഫിദാസ് പറഞ്ഞു. ഓഫ് റോഡുകളിലും ഡെസേർട്ട് ഡ്രൈവുകളിലും രാജാക്കന്മാരായി വാഹനങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ട്രാക്കിലിറങ്ങിയപ്പോൾ റാങ്ക്ലർ 392 വാഹനമായിരുന്നു ഫിദാസിന് കൂട്ട്. എസ്.യു.വി വാഹനങ്ങൾ എൻജിൻ മാറ്റങ്ങള്‍ വരുത്താൻ പാടില്ലെന്നത് ഉൾപ്പെടെ കർശന നിയമങ്ങളുമുണ്ട്.
ആദ്യ റൗണ്ടിൽനിന്ന് 20 പേരിൽ ഒരാളായി രണ്ടാം റൗണ്ടിൽ ഇടം നേടി. രണ്ടാം റൗണ്ടിൽ രണ്ടാം സ്ഥാനക്കാരനായാണ് ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്. അഞ്ചുപേർ മാറ്റുരച്ച ഫൈനൽ റൗണ്ടിൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിശ്ചിത ദൂരം ഓടിയെത്തി ഫിദാദ് പ്രഥമ റെഡ്ബുൾ ഡ്യൂൺ റഷിലെ ജേതാവായി.
ഖത്തരി ഡ്രൈവർമാർ ഉൾപ്പെടെ പരിചയ സമ്പന്നർ മാറ്റുരച്ച പോരാട്ടവേദിയിലായിരുന്നു ചുരുങ്ങിയ കാലത്തെ ഡ്യൂൺ ഡ്രൈവിന്റെ പരിചയസമ്പത്തുമായി ഫിദാസും വളയംപിടിച്ചത്. അഞ്ച് വര്‍ഷത്തോളമായി ഡ്യൂണ്‍ ബാഷിങ് പരിശീലിക്കുന്നതായി ഫിദാസ് പറഞ്ഞു. എല്ലാ വാരാന്ത്യങ്ങളിലും കൂട്ടുകാർക്കൊപ്പം സീലൈനില്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ആത്മവിശ്വാസവുമായാണ് ഡ്യൂൺ റഷിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ഈ മലപ്പുറം കൊട്ടപ്പുറം സ്വദേശി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)