
സാഹസികമായി കവർന്നത് 30 ലക്ഷം ദിർഹം; നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച പ്രതികളെ പിടികൂടി യുഎഇ പൊലീസ്
ദെയ്റ നായിഫ് പ്രദേശത്തെ ഒരു കമ്പനിയിൽ നിന്ന് സാഹസികമായി വൻതുക കവർച്ച ചെയ്ത നാല് ഇത്യോപ്യൻ പൗരന്മാരുടെ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കൾ സേഫ് തകർത്ത് 30 ലക്ഷം ദിർഹവും ഓഫിസിലെ സുരക്ഷാ ക്യാമറയും മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു വാരാന്ത്യത്തിലായിരുന്നു മോഷണം. സുരക്ഷാ ദൃശ്യങ്ങൾ ഉൾപ്പെടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളിൽ മുഖംമൂടി ധരിച്ച ആളുകൾ പുലർച്ചെ 4ന് ഓഫിസിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്തി.
മോഷണം നടന്ന വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ഓഫിസ് തുറക്കാൻ ജീവനക്കാരൻ എത്തിയപ്പോഴാണ് സംഭവ വിവരം അറിഞ്ഞത്. മോഷണം മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, നായിഫ് പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഓഫിസർമാർ എന്നിവരടങ്ങുന്ന ദുബായ് പൊലീസിലെ പ്രത്യേക സംഘം ഉടൻ തന്നെ ഊർജിതമായ അന്വേഷണം ആരംഭിച്ചു.
∙ പ്രതികളെ വലയിലാക്കിയത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. എമിറേറ്റിലെ ഒരു വീട്ടിലായിരുന്നു ഇവർ ഒളിച്ചു താമസിച്ചിരുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം റെയ്ഡ് ചെയ്ത് നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ സംഘാംഗങ്ങൾ കുറ്റകൃത്യം സമ്മതിക്കുകയും മോഷ്ടിച്ച പണം പങ്കിട്ടതായും സമ്മതിച്ചു. കുറച്ച് പണം കണ്ടെടുത്തപ്പോൾ ബാക്കിയുള്ളത് നിയമവിരുദ്ധമായ പണ കൈമാറ്റ മാർഗങ്ങൾ വഴി അവരുടെ മാതൃരാജ്യത്തേക്ക് മാറ്റിയതായി പ്രതികൾ വെളിപ്പെടുത്തി.
വ്യാപാര സ്ഥാപനങ്ങളിലും കമ്പനികളിലും സുരക്ഷാ നടപടികൾ ശക്തമാക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാനും ദുബായ് പൊലീസ് ബിസിനസുകാരോട് അഭ്യർഥിച്ചു. കൂടാതെ, പൊതു സുരക്ഷയ്ക്കുള്ള പ്രതിബദ്ധതയും കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ദൃഢനിശ്ചയവും പൊലീസ് ആവർത്തിച്ച് വ്യക്തമാക്കി. നായിഫിൽ ഒട്ടേറെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)