
ഒറ്റത്തവണ വെടിയുതിർക്കും, ഇത്തവണ ആറ് ഇടങ്ങളിൽ; സന്ദർശകരെ ആകർഷിച്ച് ഖത്തറിലെ ഇഫ്താർ പീരങ്കികൾ
ദോഹ. പുണ്യമാസത്തിന് തുടക്കമായതോടെ നോമ്പു തുറ സമയം അറിയിച്ച് ഖത്തറിൽ ഇഫ്താർ പീരങ്കികൾ പ്രവർത്തന സജ്ജം. ഇത്തവണ രാജ്യത്തുടനീളമായി 6 ഇടങ്ങളിലാണ് പീരങ്കികൾ വെടിയുതിർക്കുന്നത്.
കത്താറ കൾചറൽ വില്ലേജ് ഉൾപ്പെടെ 6 സുപ്രധാന കേന്ദ്രങ്ങളിലായാണ് ഇത്തവണ ഇഫ്താർ പീരങ്കികളിലൂടെ നോമ്പുതുറ സമയം അറിയിക്കുന്നത്. പീരങ്കിയിൽ വെടിയുതിർക്കുന്നത് കാണാൻ കുട്ടികളും കുടുംബങ്ങളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് എത്തുന്നത്. റമസാനിൽ രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്. പീരങ്കിയോടു ചേർന്ന് നിന്ന് ഫോട്ടോയും വിഡിയോയും എടുക്കുന്ന തിരക്കാണ് എല്ലായിടത്തും. മിക്കയിടങ്ങളിലും കുട്ടികൾക്ക് സമ്മാനങ്ങളും മുതിർന്നവർക്ക് ഇഫ്താർ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.
പരമ്പരാഗത രീതി
ഇസ്‌ലാമിക് രാജ്യങ്ങളിൽ റമസാന്‍ കാലത്തെ പരമ്പരാഗത രീതിയാണ് പീരങ്കിയില്‍ വെടിയുതിര്‍ത്ത് നോമ്പുതുറ സമയം അറിയിക്കുന്നത്. മഗ്രിബ് പ്രാർഥനയ്ക്ക് തൊട്ടുമുൻപാണ് പീരങ്കിയിൽ വെടിയുതിർക്കുന്നത്. പുതിയ തലമുറയ്ക്ക് ഇത്തരം പരമ്പരാഗത ആചാരങ്ങൾ കൗതുകമാണെങ്കിലും വികസനത്തിന്റെ നടുവിലും പാരമ്പര്യ രീതികളും പൈതൃകവും പിന്തുടരുന്നതിലും നിലനിര്‍ത്തുന്നതിലും വലിയ ശ്രദ്ധ ചെലുത്തുന്ന രാജ്യമാണ് ഖത്തര്‍.
ആദ്യകാലങ്ങളിൽ കത്താറയിൽ മാത്രമായിരുന്നു പീരങ്കിയിലൂടെ സമയം അറിയിച്ചിരുന്നത്. സമീപ വർഷങ്ങളിലായാണ് കൂടുതൽ ഇടങ്ങളിൽ പീരങ്കി സ്ഥാപിച്ചു തുടങ്ങിയത്. പീരങ്കിയിൽ ഒറ്റത്തവണ വെടിയുതിര്‍ത്താണ് നോമ്പു മുറിയ്ക്കാന്‍ സമയമായെന്ന് വിശ്വാസികളെ അറിയിക്കുന്നത്. രാജ്യത്തിന്റെ സൈനികരാണ് ആചാരപ്രകാരമുള്ള വെടിയുതിര്‍ക്കുന്നത്. റമസാന്റെ അവസാന ദിനത്തില്‍ വരെ ഇഫ്താര്‍ സമയം അറിയിച്ച് പീരങ്കി വെടിയുതിര്‍ക്കും.
എവിടെയെല്ലാം?
∙കത്താറയിൽ തെക്ക് ഭാഗത്ത് പ്രത്യേകമായി വേലികെട്ടി തിരിച്ചാണ് റമസാൻ പീരങ്കി സ്ഥാപിച്ചിരിക്കുന്നത്.
∙ രാജ്യത്തിന്റെ പ്രധാന പരമ്പരാഗത വാണിജ്യ, വിനോദ കേന്ദ്രമായ സൂഖ് വാഖിഫിൽ ഈസ്റ്റേൺ സ്ക്വയറിലാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്.
∙പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ലുസെയ്ൽ ബൗളെവാർഡിലും റമസാൻ പീരങ്കി സ്ഥാപിച്ചിട്ടുണ്ട്.
∙ പഴയ ദോഹ തുറമുഖത്ത് മിന പാർക്കിലാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്. കണ്ടെയ്നേഴ്സ് യാർഡിന് എതിർവശത്തായാണിത്.
∙ ആസ്പയർ പാർക്കിലും ഇഫ്താർ പീരങ്കി സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഏറ്റവും ഉചിതമായ ഇടം കൂടിയാണിത്.
∙ സൂഖ് വാഖിഫ് പോലെ തന്നെ പരമ്പരാഗത തനിമ നിലനിർത്തിയുള്ളതാണ് അൽ വക്ര സൂഖ്. കടൽ തീരത്തിന് അഭിമുഖമായാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)