
കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; വിദേശത്ത് മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിന് ശേഷം
നോർത്ത് യോർക്‌ഷറിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെയാണെന്ന സംശയവുമായി പൊലീസ്. നിലവിൽ കണ്ടെത്തിയത് ഭർത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദയുടെ (25) മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം.റാനിയ അലായെദിനെ 2013 ജൂണിൽ സൽഫോർഡിലെ ഫ്ലാറ്റിൽ വച്ചാണ് ഭർത്താവ് അഹമ്മദ് അൽ ഖത്തീബ് കൊലപ്പെടുത്തിയത്. ദുരഭിമാന കൊലപാതകമാണ് ഇതെന്ന് അന്ന് അന്വേഷക സംഘം അറിയിച്ചത്. റാനിയ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചതിൽ ഖത്തീബിന് ദേഷ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതക കാരണം. കൃത്യം നടത്തിയ ശേഷം റാനിയ ജീവിച്ചിരിപ്പുണ്ടെന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ അവരുടെ വസ്ത്രങ്ങൾ ധരിച്ച് ഖത്തീബ് നടന്നുവെന്ന് കോടതിയിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു.
റാനിയയുടെ ശരീരം നോർത്ത് യോർക്‌ഷറിലേക്ക് കൊണ്ടുപോയി എ19 റോഡിന് സമീപം കുഴിച്ചിട്ടതായിട്ടാണ് അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. വർഷങ്ങളായി ഒട്ടറെ തിരച്ചിലുകൾ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. എന്നാൽ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് തിങ്കളാഴ്ച തിർസ്കിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു.
ഈ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാകാനിരിക്കുന്നതേയുള്ളൂ. പക്ഷേ നിലവിൽ മൃതദേഹം റാനിയയുടേതാണെന്ന് പൊലീസ് വിലയിരുത്തുന്നതെന്ന് വക്താവ് അറിയിച്ചു.
പലസ്തീനിൽ നിന്നുള്ള റാനിയ സിറിയയിൽ നിന്നാണ് ഖത്തീബിനൊപ്പം യുകെയിലേക്ക് താമസം മാറിയത്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ഖത്തീബിനെ ഉപേക്ഷിച്ച് തനിക്കും മൂന്ന് കുട്ടികൾക്കും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ റാനിയ ശ്രമിച്ചു.
ഇതിനെ തുടർന്നുള്ള നീരസം കാരണം ഭർത്താവ് അവരെ കൊലപ്പെടുത്തി. കുട്ടികൾ തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് ഖത്തീബ് കൃത്യം നടത്തിയത്. റാനിയ ജീവിച്ചിരിപ്പുണ്ടെന്ന തോന്നലുണ്ടാക്കാൻ ഖത്തീബ് അവരുടെ ശിരോവസ്ത്രവും ജീൻസും ധരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖത്തീബിന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)