Posted By user Posted On

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം; അറിയാം വിശദമായി

ന്യൂഡൽഹി∙ പാസ്പോര്‍ട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ 2025 പ്രകാരം, 2023 ഒക്ടോബർ 1നോ അതിനുശേഷമോ ജനിച്ചവർക്ക് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പുതിയ മാറ്റങ്ങൾ ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നു.

ജനനത്തീയതി തെളിയിക്കുന്നതിനുള്ള ഏക സാധുവായ തെളിവായിരിക്കും ഈ രേഖ. ജനന-മരണ റജിസ്ട്രാറോ മുനിസിപ്പൽ കോർപറേഷനോ 1969-ലെ ജനന-മരണ റജിസ്ട്രേഷൻ ആക്ട് (1969-ലെ 18) പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും അതോറിറ്റിയോ ആണ് ഇത് നൽകേണ്ടത് എന്ന് ഗസറ്റിൽ പറയുന്നു.

അതേസമയം 2023 ഒക്ടോബർ 1ന് മുൻപ് ജനിച്ച വ്യക്തികൾക്ക് ജനനത്തീയതി തെളിയിക്കുന്നതിനായി ഇനിപ്പറയുന്ന രേഖകളിൽ ഒന്ന് സമർപ്പിക്കാം:

∙ ജനന-മരണ രജിസ്ട്രാറോ മുനിസിപ്പൽ കോർപറേഷനോ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് (1969-ലെ 18) പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും അതോറിറ്റിയോ നൽകുന്ന ജനന സർട്ടിഫിക്കറ്റ്.
∙ അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തുന്ന അംഗീകൃത സ്കൂൾ നൽകുന്ന ട്രാൻസ്ഫർ/സ്കൂൾ വിടവാങ്ങൽ/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്.
∙ ആദായനികുതി വകുപ്പ് നൽകുന്ന അപേക്ഷകന്റെ സ്ഥിരം അക്കൗണ്ട് നമ്പർ കാർഡ് (പാൻ). അതിൽ അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കണം.
∙അപേക്ഷകന്റെ (സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ മാത്രം) സർവീസ് റെക്കോർഡിന്റെയോ പേ പെൻഷൻ ഓർഡറിന്റെയോ (വിരമിച്ച സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ) പകർപ്പ്. ഈ രേഖ അപേക്ഷകന്റെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ ഭരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. കൂടാതെ അപേക്ഷന്റെ ജനനത്തീയതിയും ഉണ്ടായിരിക്കണം.
∙ സംസ്ഥാന സർക്കാരിന്റെ ഗതാഗത വകുപ്പ് നൽകുന്ന ഡ്രൈവിങ് ലൈസൻസും അതിൽ അപേക്ഷകന്റെ ജനനത്തീയതിയും ഉണ്ടായിരിക്കണം.
∙ അപേക്ഷകന്റെ ജനനത്തീയതി ഉൾക്കൊള്ളുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്.
∙ ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് കോർപറേഷനുകളോ ഇൻഷുറൻസ് പോളിസി ഉടമയുടെ ജനനത്തീയതി ഉൾക്കൊള്ളുന്ന പൊതു കമ്പനികളോ നൽകുന്ന പോളിസി ബോണ്ട്.
∙മുൻപ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള തെളിവായി ജനന സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണമെന്ന് ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിരുന്ന കട്ട്-ഓഫ് തീയതി 1989 ജനുവരി 26 ആയിരുന്നു. 2016ൽ ഇത്  നീക്കം ചെയ്തു. പുതിയ പാസ്‌പോർട്ട് നൽകുന്നതിന് എല്ലാ അപേക്ഷകർക്കും ജനനത്തീയതി തെളിയിക്കുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാൻ ഇത് അനുവദിച്ചു. പ്രവാസികൾക്ക് ഇന്ത്യയിൽ കൂടാതെ, അവർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിൽ നിന്ന് പാസ്പോർട്ട് പുതുക്കാവുന്നതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *