
ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയിൽ റെക്കോഡ് കുറിച്ച് രുചിമേളം; 3.65 ലക്ഷം സന്ദർശകർ
ദോഹ: കൊതിയൂറും രുചിയും മനംകുളിരും വിനോദങ്ങളും കാഴ്ചകളുമായി 11 ദിവസം ഖത്തറിൽ ഉത്സവ പ്രതീതി തീർത്ത അന്താരാഷ്ട്ര ഭക്ഷ്യമേള സന്ദർശക പങ്കാളിത്തംകൊണ്ടും റെക്കോഡ് കുറിച്ചു.
ഫെബ്രുവരി 12 മുതൽ 22 വരെ ദോഹ കോർണിഷിൽ ഷെറാട്ടണിനോട് ചേർന്ന ഹോട്ടൽ പാർക്ക് വേദിയിൽ നടന്ന ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയിൽ 3.65 ലക്ഷം പേർ സന്ദർശകരായി എത്തിയതായി വിസിറ്റ് ഖത്തർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരും പാചക രീതികളുമെല്ലാം അരങ്ങേറിയപ്പോൾ വിവിധ വിനോദ പരിപാടികളും ആകർഷകമായി. സ്വദേശികൾ, പ്രവാസികൾ, വിവിധ രാജ്യക്കാരായ സന്ദർശകർ എന്നിവർ ഉൾപ്പെടെയാണ് മൂന്നര ലക്ഷത്തിലേറെ പേർ പങ്കെടുക്കാനെത്തിയത്.
28 അന്താരാഷ്ട്ര പ്രദർശകർ ഉൾപ്പെടെ 180ഓളം പങ്കാളികൾ ഇത്തവണ മേളയെ സജീവമാക്കാനെത്തിയിരുന്നു. ഖത്തറിന്റെ തനത് രുചികളും പാചക പൈതൃകങ്ങളും മുതൽ ലോകോത്തര രുചിയും പാചകവുമായി നിറഞ്ഞ 11 ദിവസത്തിനാണ് ദോഹ സാക്ഷ്യംവഹിച്ചത്. ഫ്രാൻസ് ആസ്ഥാനമായുള്ള ലോക പ്രശസ്ത മിഷേലിൻ റസ്റ്റാറന്റ് സവിശേഷ പങ്കാളികളായി മേളയിൽ അവതരിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് മിഷേലിൻ സ്റ്റാർഡ് റസ്റ്റാറന്റുകളിൽ നിന്നുള്ള എക്സ്ക്ലുസിവ് വൈവിധ്യങ്ങൾ ആസ്വദിക്കാൻ അതിഥികൾക്ക് അവസരമൊരുക്കാൻ മിഷേലിയൻ ഗൈഡ് വില്ലേജും ഇത്തവണ പുറത്തിറക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)