
നിക്ഷേപകർക്ക് യുഎഇയിലേക്ക് സ്വാഗതം; സാധ്യതകൾ അറിയാൻ 180 ദിവസത്തെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസ
യുഎഇ പ്രഖ്യാപിച്ച ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസ പ്രയോജനപ്പെടുത്താൻ ആഗോള നിക്ഷേപകരെയും സംരംഭകരെയും യുഎഇയിലേക്ക് ക്ഷണിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി). യുഎഇയിലെ ബിസിനസ് സാധ്യതകൾ നേരിട്ട് മനസ്സിലാക്കാനും നടപടികൾ പൂർത്തിയാക്കാനുമാണ് ഈ വീസ നൽകുന്നത്.
∙ സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾ
നിക്ഷേപകരെ ആകർഷിക്കുന്നതിന് 60, 90, 120 ദിവസ കാലാവധിയുള്ള ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസകളാണ് നൽകുന്നത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വീസകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.വർഷത്തിൽ യുഎഇയിലെ മൊത്തം താമസം 180 ദിവസത്തിൽ കവിയാൻ പാടില്ലെന്നു മാത്രം.
∙ നിബന്ധനകൾ
യുഎഇയിൽ തിരഞ്ഞെടുക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള പ്രഫഷനൽ ആയിരിക്കണം. 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രാ വിമാന ടിക്കറ്റും ഉണ്ടായിരിക്കണം. യുഎഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധം.
∙ അനുകൂല അവസരം
സംരംഭകർക്കും നിക്ഷേപകർക്കും അനുകൂല അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുമെന്നും ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. ബിസിനസ് വിജയിപ്പിക്കാനും വിപുലീകരിക്കാനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ യുഎഇയിലുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)