Posted By user Posted On

ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടം വിൽക്കാനുണ്ട്, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുര്‍ജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോഴിതാ യുഎഇയുടെ പേര് വാനോളമുയര്‍ത്താനായി മറ്റൊരു ഉയരമേറിയ കെട്ടിടം കൂടി വരികയാണ്, വെറുമൊരു കെട്ടിടമല്ല- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം- ബുര്‍ജ് അസീസി. ബുര്‍ജ് അസീസി എന്ന പേര് കേട്ട് തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ദുബൈയില്‍ പുരോഗമിക്കുന്നതിന്‍റെ വിവരങ്ങൾ പലപ്പോഴായി പുറത്തുവന്നിട്ടുമുണ്ട്. ബുർജ് അസിസിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം കൗതുകമുള്ളതാണ്. സഞ്ചാരികളുടെ പറുദീസയായ, ദുബൈയുടെ സൗന്ദര്യം മുഴുവനായും ആസ്വദിച്ച് കഴിയണമെന്ന സ്വപ്നം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരാണോ? എന്നാല്‍ പുറത്തുവരുന്ന ഈ അപ്ഡേറ്റ് നിങ്ങൾക്കുള്ളതാണ്.

ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടം വിൽപ്പനയ്ക്ക് വെക്കുകയാണ്. ആഗോള തലത്തിലുള്ള സെയിൽ ഏഴ് നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നത്. നാളെ ഫെബ്രുവരി 19നാണ് ആ സുദിനമെത്തുന്നത്. സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളായ അസിസി ഡെവലപ്മെന്‍റ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.  725 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ബുർജ് അസീസിയിലെ അപാര്‍ട്ട്മെന്‍റുകളടക്കം വാങ്ങാൻ താൽപ്പര്യമുള്ളവര്‍ക്ക് നാളെ ഇതിനായുള്ള അവസരം ഒരുങ്ങുകയാണ്. ദുബൈയിലെ കൊൺറാഡ് ഹോട്ടൽ, ഹോങ്കോങ്ങിലെ ദി പെനിന്‍സുല, ലണ്ടനിലെ ദി ഡോര്‍ചെസ്റ്റര്‍, മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ജുഹു, സിംഗപ്പൂരിലെ മരീന ബേ സാൻഡ്സ്, സിഡ്നിയിലെ ഫോര്‍ സീസൺസ് ഹോട്ടല്‍, ടോക്കിയോയിലെ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായാണ് ബുര്‍ജ് അസീസിയുടെ വിൽപ്പന നടക്കുക. 

ദുബൈയിലെ ശൈഖ് സായിദ് റോഡിൽ നിര്‍മ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിക്ക് 131 ലേറെ നിലകളാണ് ഉണ്ടാകുക. ഇതില്‍ റെസിഡൻഷ്യൽ, ഹോട്ടൽ, റീട്ടെയ്ൽ, എന്‍റര്‍ടെയ്ന്‍മെന്‍റ് സ്പേസുകള്‍ ഉണ്ടാകും.  2028 ഓടെ ബുര്‍ജ് അസീസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ പോലുള്ള ലോകത്തിലെ വിവിധ നഗരങ്ങളില്‍ പുതിയ പദ്ധതികള്‍ ദിവസേന രൂപംകൊള്ളാറുണ്ട്. എന്നാല്‍ ബുര്‍ജ് അസീസി പോലുള്ള പദ്ധതികള്‍ ഒരു തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്നതാണ്- അസീസി ഡെവലപ്മെന്‍റിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസിസിയുടെ വാക്കുകളാണിത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *