
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ‘അസ്വഭാവിക മരണം’, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍; അറിയേണ്ട കാര്യങ്ങള്‍
ഗള്‍ഫ് നാടുകളില്‍ അസ്വാഭാവിക മരണം സംഭവിച്ച പ്രവാസികളുടെ മരണാനന്തരനടപടിക്രമങ്ങളില്‍ ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. സൗദി അറേബ്യയില്‍ വെച്ചാണ് പ്രവാസി അസ്വഭാവികമായി മരണപ്പെടുന്നതെങ്കിലും ആവശ്യമായ രേഖകൾ, നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. റോഡ് അപകടം, വ്യാവസായിക അപകടം, വൈദ്യുതാഘാതം, തൊഴിലിടങ്ങളിലെ അപകടം, ആത്മഹത്യ, കൊലപാതകം എന്നീ കാരണങ്ങളാലുള്ള മരണങ്ങളെ അസ്വാഭാവിക മരണത്തിന്‍റെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. സൗദിയിലെ പ്രാദേശികനിയമം അനുസരിച്ച് പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ടുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം ആ വ്യക്തിയുടെ സ്‌പോണ്‍സര്‍ക്കാണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ അല്ലെങ്കില്‍ സൗദിയില്‍തന്നെ അടക്കം ചെയ്യുന്നതിനുള്ള എല്ലാ ചെലവുകളും ജിഒഎസ്‌ഐ ഇന്‍ഷുറന്‍സ് ഇല്ലാത്തപക്ഷം നിയമപരമായി സ്‌പോണ്‍സര്‍ വഹിക്കണം. ഇതില്‍ ഇന്ത്യന്‍ എംബസിയുടെ പങ്ക് എന്‍ഒസി നേടിക്കൊടുക്കലാണ്. മരണം രജിസ്റ്റര്‍ ചെയ്യാനും കുടുംബത്തിന്‍റെ അനുമതി ലഭിച്ചശേഷം മൃതദേഹം നാട്ടിലേക്ക് അല്ലെങ്കില്‍ സൗദിയില്‍തന്നെ അടക്കം ചെയ്യുന്നതിനുള്ള എന്‍ഒസി ഇന്ത്യന്‍ എംബസി നല്‍കണം. മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും മരണവുമായി ബന്ധപ്പെട്ട രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനും എംബസിക്ക് അധികാരമുണ്ട്. പ്രവാസിയുടെ മരണാനന്തരനടപടികൾ വേഗത്തിലാക്കാന്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതും എംബസി അധികൃതരാണ്. അസ്വാഭാവിക മരണമാണെങ്കില്‍ പ്രാദേശിക അതോറിറ്റികളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരണം ഏതാണെങ്കിലും അന്വേഷണം പൂര്‍ത്തിയായതിന് ശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അനുമതി മരിച്ചയാളുടെ കുടുംബം നല്‍കിയിട്ടില്ലെങ്കില്‍ മൃതദേഹം സൗദിയില്‍ തന്നെ അടക്കം ചെയ്യാം. മോര്‍ച്ചറികളില്‍ സ്ഥലക്കുറവുണ്ടെങ്കിലും ഇപ്രകാരം ചെയ്യും. സൗദിയില്‍ പ്രവാസി മരണപ്പെട്ടാല്‍ ആദ്യം സ്ഥലത്തെ പോലീസ് അതോറിറ്റികളെയും ഇന്ത്യന്‍ എംബസി/ കോണ്‍സുലേറ്റിനെയും മരിച്ചയാളുടെ കുടുംബത്തെയും അറിയിക്കണം. ഇതിനായുള്ള ചുമതല സ്പോൺസർക്കാണുള്ളത്. മരിച്ചയാളുടെ ഔദ്യോഗിക രേഖകളിലെ ശരിയായ പേര്, ഇന്ത്യയിലെ അല്ലെങ്കിൽ സൗദിയിലെ ബന്ധുക്കളുടെ കോൺടാക്ട് വിവരങ്ങൾ എന്നിവ സഹിതം എംബസിയിൽ മരണം റിപ്പോർട്ട് ചെയ്യണം. മരണവിവരം അറിയിച്ചാലുടൻ എംബസി മരണം റജിസ്റ്റർ ചെയ്യും. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാന്‍ മരിച്ചയാളുടെ കുടുംബത്തിന്‍റെ അനുമതി ആവശ്യമാണ്. ബന്ധപ്പെട്ട സൗദി അതോറിറ്റികളുടെ മുഴുവൻ ക്ലിയറൻസും ലഭിച്ച ശേഷം മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. അസ്വഭാവിക മരണമാണെങ്കില്‍ ഫോറൻസിക് പരിശോധനയും അന്വേഷണവും പൂർത്തിയാകുന്നതിന് അനുസരിച്ച് മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ. ഇതിനായി ഒരു മാസം വരെ നീളും. സൗദി വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്ത എംബസിയുടെ എൻഒസി, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സൗദി പാസ്പോർട്ട് ഓഫിസിൽ (ജവാസത്) നിന്നുള്ള എക്സിറ്റ് വീസ, സിവിൽ അഫയേഴ്സ് വകുപ്പിൽ (അഹ്വൽ അൽ മദനി) നിന്നുള്ള മരണ സർട്ടിഫിക്കറ്റ്– ഇത്രയും രേഖകൾ ലഭിച്ചാലുടൻ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനായി ബന്ധപ്പെട്ട ഗവർണറേറ്റിന് പൊലീസ് അനുമതി നൽകും. അതേസമയം, മരണാന്തര നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിൽ സ്പോൺസർ വിസമ്മതം പ്രകടിപ്പിച്ചാൽ നടപടികളിൽ കാലതാമസം നേരിടും.അസ്വാഭാവിക മരണങ്ങളിൽ അധികൃതർക്ക് സംശയം തോന്നുകയോ അല്ലെങ്കിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്താൽ വിശദമായ അന്വേഷണവും ഫൊറൻസിക് പരിശോധനയും പൂർത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)