
കോട്ടിങ് പോയ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരാണോ? നിസാരമല്ല കാര്യം… അറിഞ്ഞിരിക്കണം അപകട വശങ്ങള്‍
ചില ആളുകളെ കണ്ടിട്ടില്ലേ അവര്‍ ഒരു സാധനം അതിന്റെ പരമാവധി ഉപയോഗിക്കും. അത് ഒരു പരിധിവരെ നല്ല കാര്യമാണ്. പക്ഷേ ചില കാര്യത്തില്‍ അത് അപകടവുമാണ്. ചിലവീടുകളില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അതിന്റെ കോട്ടിംഗ് ഒക്കെ പോയാലും മീന്‍ വറുക്കാനും മുട്ടപൊരിക്കാനുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റെമഡിയേഷനിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ നോണ്‍സ്റ്റിക് പാത്രങ്ങളിലെ ഒരു പോറല്‍ പോലും അപകടകരമായ 9,000ത്തിലധികം സൂക്ഷ്മ നാനോ കണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്നാണ് പറയുന്നത്.
ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഗവേഷണ സംഘം നോണ്‍സ്റ്റിക് കുക്ക് വെയറില്‍ നിന്ന് പുറത്തുവരുന്ന കണികകള്‍ എണ്ണിയെടുക്കുന്നതിനുള്ള ഒരു അല്‍ഗോരിതം വികസിപ്പിക്കുകയും അതിനോടൊപ്പം മോളിക്കുലര്‍ ഇമേജിംഗ് കൂടി ഉപയോഗിച്ചപ്പോള്‍ ഭക്ഷണം പാകം ചെയ്യാന്‍ എടുക്കുന്ന സമയത്തിനുളളില്‍ നോണ്‍ സ്റ്റിക് പാനിന്റെ വിള്ളലില്‍ നിന്ന് 2.3 ദശലക്ഷം വരെ മൈക്രോപ്ലാസ്റ്റിക്‌സും നാനോപ്ലാസ്റ്റിക്‌സും പുറത്തുവരുമെന്നും കണ്ടെത്തി.
പാചകത്തിന് സൗകര്യപ്രദമായതുകൊണ്ടുതന്നെയാണ് നോണ്‍സ്റ്റ്ക് പാത്രങ്ങള്‍ മിക്ക അടുക്കളകളിലും സ്ഥിരസാന്നിധ്യമായത്. ഒട്ടിപ്പിടിക്കില്ല, പാചകത്തിന് എണ്ണ ലാഭിക്കാം, വൃത്തിയാക്കാനും എളുപ്പം ഇതൊക്കെത്തന്നെയാണ് നോണ്‍സ്റ്റിക് പാത്രങ്ങളെ പ്രിയങ്കരമാക്കുന്നത്.
അപകടവശങ്ങള്‍
നോണ്‍സ്റ്റിക് പാത്രങ്ങളില്‍ കോട്ടിങ്ങിനായി ഉപയോഗിക്കുന്നത് ടെഫ്‌ലോണ്‍ എന്ന പെര്‍ഫ്‌ലൂറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ), പെര്‍ഫ്‌ലൂറോക്റ്റനെസള്‍ഫോണിക് ആസിഡ്(പിഎഫ്ഒഎസ്) തുടങ്ങിയ രാസ വസ്തുക്കളാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ 170 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ ഈ രാസവസ്തുക്കള്‍ വായുവിലേക്ക് വിഷപ്പുക തള്ളും ഇത് പാകം ചെയ്യുന്ന ഭക്ഷണത്തിലേക്കും കലരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, തൈറോയിഡ് തകരാറുകള്‍, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്
- പാന്‍ വെറുതെ ചൂടാക്കുന്നത് ഒഴിവാക്കണം, കാരണം ഒഴിഞ്ഞ പാന്‍ ചൂടാക്കുമ്പോള്‍ വിഷപുക പുറത്തുവരുന്നു
- ഇടത്തരം തീയിലോ ചെറിയ തീയിലോ പാകം ചെയ്യാന്‍ ശ്രദ്ധിക്കുക
- നോണ്‍സ്റ്റിക് പാന്‍ കഴുകുമ്പോള്‍ സ്‌പോഞ്ചും സോപ്പും ഉപയോഗിച്ച് കഴുകുക. അമര്‍ത്തി കഴുകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- പാത്രത്തില്‍ പോറലോ മറ്റോ വീണാല്‍ അത് ഉപയോഗിക്കരുത്.
- മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നോണ്‍ സ്റ്റിക് പാനുകള്‍ മാറ്റണം.
- ഉപയോഗിക്കുന്ന പാത്രത്തിന്റെ ആകൃതിയിലോ നിറത്തിലോ എന്തെങ്കിലും മാറ്റംവന്നാല്‍ പിന്നീടത് ഉപയോഗിക്കരുത്.
- ദോശയും അപ്പവും ഒക്കെ ഉണ്ടാക്കുമ്പോള്‍ മാവ് വശങ്ങളില്‍ പറ്റിപ്പിടിക്കുകയാണെങ്കില്‍ അതും നോണ്‍സ്റ്റിക് മാറ്റാന്‍ സമയമായി എന്നുള്ളതിന്റെ സൂചനയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)