
അനാഥത്വത്തിന്റെ ഒറ്റപ്പെടൽ മാറ്റാൻ നാലു വിവാഹം; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്സ്ബുക്ക് ഫ്രണ്ട്സായതോടെ പണിപാളി
അനാഥത്വത്തിന്റെ കണ്ണീർക്കഥകൾ പറഞ്ഞുനടന്ന് നാലു വിവാഹം കഴിച്ചയാൾ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലിസ് പിടികൂടിയത്. ദീപുവിന്റെ രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയുമെന്ന് പോലിസ് പറഞ്ഞു. ഇതിൽ വീഴുന്ന സ്ത്രീകളെ വിവാഹം കഴിക്കും. തുടർന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത സ്ത്രീയെ തേടിപ്പോകും. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ടായി. തുടർന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം മുങ്ങി.പിന്നീട് കാസർകോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാൾ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ അർത്തുങ്കൽവെച്ച് വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭർത്താവിന്റെ സ്ഥാനത്ത് തന്റെ മുൻ ഭർത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികൾ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാൻ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് സംശയം തോന്നി. തുടർന്നാണ് കോന്നി പോലിസിൽ പരാതി നൽകിയത്. ഇയാളെ റിമാൻഡ് ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)