അപകടകാരികളെ രജിസ്റ്റർ ചെയ്യാം; വിവര ശേഖരണവുമായി ഖത്തര് മന്ത്രാലയം
ദോഹ: ഡോബർമാൻ, അമേരിക്കൻ പിറ്റ്ബുൾ, ബ്രസീലിയൻ മാസ്റ്റിഫ് തുടങ്ങിയ ശൗര്യംകൂടിയ അക്രമസ്വഭാവമുള്ള നായ്ക്കളും പാമ്പ്, കാട്ടുപൂച്ച, തേൾ തുടങ്ങി അപകടകാരികളായ ജീവികളും തങ്ങളുടെ കസ്റ്റഡിയിലുണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാൻ ഇനി വൈകേണ്ട. പൊതുസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അപകടകാരികളായ മൃഗങ്ങളുടെയും ജീവികളുടെയും കണക്കെടുപ്പിന് തുടക്കം കുറിച്ചു.
മന്ത്രാലയത്തിന്റെ പട്ടികയിലുള്ള നായ്ക്കളും മറ്റു അപകടകാരികളായ ജീവികളെയും വളർത്തുന്നവർ അവയുടെ വിശദ വിവരങ്ങൾ സർവേയിൽ പങ്കെടുത്തുകൊണ്ട് കൈമാറണം. മൃഗങ്ങളുടെ ഉടമസ്ഥർ www.mecc.gov.qa/en/animalregisterationen എന്ന ലിങ്കിലെ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുകയും
[email protected] എന്ന വിലാസത്തിലേക്ക് ഇ-മെയിൽ വഴി പൂരിപ്പിച്ച ഫോറം സമർപ്പിക്കണമെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. മൃഗങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ, മെഡിക്കൽ റിപ്പോർട്ട്, അവയെ താമസിപ്പിക്കുന്ന വീട്, ഫാം, ലൈസൻസുള്ള സംവിധാനം തുടങ്ങിയ വിവരങ്ങൾ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. 48 മൃഗങ്ങളാണ് ഇതുവരെ അപകടകാരികളായ മൃഗങ്ങളുടെയും ജീവികളുടെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവയിൽ 28 ഇനം ആക്രമണകാരികളായ നായ്ക്കളാണ്. സിഹം, കടുവ, പുലി, മുതല, വിവിധ കുരങ്ങ് വർഗങ്ങൾ, പാമ്പ്, കാട്ടുപൂച്ച തുടങ്ങിയവയുമുണ്ട്. പട്ടികയിലുള്ള മൃഗങ്ങളാണ് തങ്ങൾക്കു കീഴിലുള്ളതെങ്കിൽ ഈ വർഷം ഏപ്രിൽ 22ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും കൈവശം വെക്കുന്നത് കുറ്റമായി കണക്കാക്കുമെന്നും നിയമപ്രകാരം ശിക്ഷാർഹമാണെന്നും മന്ത്രാലയം പറഞ്ഞു. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം റിയാലിൽ വരെ പിഴയുമാണ് ശിക്ഷ. പൊതു സുരക്ഷ വർധിപ്പിക്കാനും നിയമ വ്യവസ്ഥകൾ ജനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും വേണ്ടിയാണു സർവേ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)