ആംഫി തിയറ്റർ, ‘ലിവിങ് ‘ ക്ലാസ് മുറികൾ, രസകരമാക്കാം ഒഴിവു സമയം; ഖത്തറിൽ കുട്ടികളുടെ ‘ദാദു ഗാർഡൻസ് ‘ വീണ്ടും സജീവം
ദോഹ ∙ ഒരിടവേളയ്ക്ക് ശേഷം അല്‍ബിദ പാര്‍ക്കിലെ ദാദു ഗാര്‍ഡന്‍സ് വീണ്ടും സജീവമായി. ഖത്തര്‍ മ്യൂസിയത്തിന് കീഴിലെ കുട്ടികളുടെ മ്യൂസിയമായ ദാദുവിന്റേതാണ് ദാദു ഗാര്‍ഡന്‍സ്. രസകരമായ പരിപാടികളും കാണാകാഴ്ചകളുമായി കുട്ടികള്‍ക്ക് ഒഴിവു സമയം ഇനി വിജ്ഞാനപ്രദമാക്കാം. ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കിലാണ് ദാദു ഗാര്‍ഡന്‍സ് പ്രവര്‍ത്തിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം മാത്രമേ പ്രവേശനം അനുവദിക്കൂ. ചെറിയ കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരാൻ ലക്ഷ്യമിട്ടാണ് ദാദു ഗാര്‍ഡന്‍ സജ്ജമാക്കിയിരിക്കുന്നത്. വിനോദത്തിനപ്പുറം പ്രകൃതിയോട് ഇണങ്ങിയുള്ള കളികളും പര്യവേഷണങ്ങളും സര്‍ഗാത്മകതയും പഠനവും മാത്രമല്ല കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള ഇടം കൂടിയാണിത്. ഈ വര്‍ഷം കൂടുതല്‍ കുടുംബങ്ങളെയാണ് ദാദു ഗാര്‍ഡനിലേക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
2023 ഒക്ടോബറില്‍ രാജ്യാന്തര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയിലാണ് അല്‍ബിദ പാര്‍ക്കില്‍ ദാദു മ്യൂസിയത്തിന്റെ അനുബന്ധമായി ദാദു ഗാര്‍ഡന്‍സ് തുറന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മികച്ച ആസ്വാദനമാണ് ദാദു ഗാര്‍ഡന്‍സ് ഉറപ്പാക്കുന്നത്. അവധി ദിനങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ രസകരവും വിജ്ഞാനപ്രദവുമായ കാര്യങ്ങളില്‍ സജീവമാകാന്‍ കഴിയുമെന്നതാണ് ശ്രദ്ധേയം. കമ്യൂണിറ്റി ഗാർഡൻ, ആംഫിതിയറ്റർ, ശിൽപങ്ങളുടെ പ്ലാസ തുടങ്ങി കുട്ടികൾക്കും കുടുംബങ്ങൾക്കും മറ്റ് കാഴ്ചകളും ഏറെയുണ്ട് ഇവിടെ.
‘കളിയുടെ അടയാളങ്ങൾ’ എന്നാണ് ദാദു എന്ന അറബിക് പദത്തിന്റെ അർഥം. 14,500 ചതുരശ്രമീറ്ററിലാണ് ദാദു ഗാര്‍ഡന്‍സ്. മ്യൂസിയത്തിന്റെ ഔട്ട്‌ഡോര്‍ ഗാലറിയും ലിവിങ് ക്ലാസ്മുറിയുമായാണ് ദാദു ഗാര്‍ഡന്‍സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുസ്ഥിരതയും ഹരിത സമ്പദ് വ്യവസ്ഥയും ആരോഗ്യകരമായ ശീലങ്ങളും പരിസ്ഥിതിയുമാണ് ദാദു ഗാര്‍ഡന്‍സ് ലക്ഷ്യമിടുന്നത്. പൊതു ഫണ്ട് ഉപയോഗിച്ചുള്ള ഖത്തറിന്റെ ആദ്യ ദേശീയ സ്ഥാപനമാണ് ദാദു മ്യൂസിയം. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയാണ് ഖത്തര്‍ മ്യൂസിയം കുട്ടികള്‍ക്കായി ദാദു മ്യൂസിയം ഡിസൈന്‍ ചെയ്തത്. രാജ്യത്തിന്റെ സാംസ്‌കാരിക, പാരിസ്ഥിതിക, സാമൂഹിക ആവാസ വ്യവസ്ഥയെ സമ്പന്നമാക്കുന്നതിന് കൂട്ടായ സംഭാവനകളിലൂടെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുകയാണ് ദാദു മ്യൂസിയത്തിന്റെ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)